പ്രതീക്ഷകള്‍ക്കൊത്തുയരാതെ ഷൊര്‍ണൂര്‍ നഗരസഭാ ബജറ്റ്

ഷൊര്‍ണൂര്‍: 2016-17 വര്‍ഷത്തെ ഷൊര്‍ണൂര്‍ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. പുതിയ കൗണ്‍സില്‍ അധികാരമേറ്റുള്ള ആദ്യ ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. സുനുവാണ് അവതരിപ്പിച്ചത്. 2015-16 വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ 1,08,66,30,671 രൂപ ചെലവ് കഴിച്ച് 12,25,13,660 രൂപ നീക്കിയിരിപ്പും 2016-17 വര്‍ഷത്തെ ബജറ്റില്‍ 1,21,53,69,200 രൂപ വരവും 15,92,33,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. നഗരസഭയുടെ തനത് റവന്യൂ വരുമാനത്തിന് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റുകള്‍, പദ്ധതിഫണ്ട്, എം.പി, എം.എല്‍.എ ഫണ്ടുകള്‍ കൂടാതെ നാലുകോടി രൂപയുടെ ലോകബാങ്ക് സഹായം കൂടി പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വിഷമുക്ത ഭക്ഷ്യോല്‍പാദനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന ജൈവ മുട്ട, ജൈവ കൃഷി, ജൈവ പാല്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാലിന് സബ്സിഡിയും നെല്‍കൃഷിക്ക് ഉഴവുകൂലിയും നല്‍കും. ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് ഒരു കോടി, കൊച്ചി പാലത്തിന് സമീപം വിവേകാനന്ദ പാര്‍ക്ക് നിര്‍മാണം (അഞ്ച് ലക്ഷം), വയോമിത്രം പദ്ധതി (10 ലക്ഷം), ടൗണ്‍ഹാള്‍ നിര്‍മാണം രണ്ടാം ഘട്ടം (90 ലക്ഷം), ഷൊര്‍ണൂര്‍ ബസ്സ്റ്റാന്‍ഡ് കം മാര്‍ക്കറ്റ് കെട്ടിടം (ഒരു കോടി), കുളപ്പുള്ളി ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് മാള്‍ (1.10 കോടി), എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ (50 ലക്ഷം), എസ്.എസ്.ഐ സെന്‍റര്‍ നവീകരണം (10 ലക്ഷം), കുടുംബശ്രീ ശാക്തീകരണം (നാല് ലക്ഷം), ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണത്തിനുള്ള ഡി അഡിഷന്‍ സെന്‍റര്‍ (അഞ്ച് ലക്ഷം), അവശത അനുഭവിക്കുന്ന ഭവന രഹിതര്‍ക്ക് ഭവന നിര്‍മാണം (ഒരു കോടി) എന്നിവയാണ് പ്രധാന പദ്ധതികളായി ബജറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.