കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് വിളയൂരില്‍ കൂട്ടുകൃഷി

പട്ടാമ്പി: നഷ്ടപ്പെട്ട കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് വിളയൂര്‍. വിളയുടെ ഊരെന്ന നാമം അന്വര്‍ഥമാക്കാനുള്ള യജ്ഞത്തിന് വള്ളിയത്ത് പാടശേഖരസമിതിയാണ് തുടക്കം കുറിക്കുന്നത്. 25 ഏക്കറോളം നെല്‍പ്പാടമാണ് കൂട്ടായ്മയിലൂടെ പച്ചപ്പണിയാനൊരുങ്ങുന്നത്. ഇതിന്‍െറ പ്രാഥമിക ചര്‍ച്ചകള്‍ കര്‍ഷക ഭവനങ്ങളിലും പാടശേഖരങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്. പാടം നടീലിന് പാകപ്പെടുത്തുന്ന പ്രവൃത്തികളും പുരോഗതിയിലാണ്. 27ന് നടീല്‍ ഉത്സവം നടക്കും. ഇതിനുള്ള ഞാറ്റടി തയാറായി. പാട്ടത്തിന് കൃഷിസ്ഥലം വിട്ടുകൊടുക്കാനുള്ള കര്‍ഷകരുടെ വിമുഖതയും സ്വന്തമായി കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം പഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയല്‍ തരിശായി കിടക്കുകയാണ്. ഈ സ്ഥിതി മാറ്റിയെടുക്കാനാണ് പാടശേഖരസമിതി സെക്രട്ടറി കെ. വിശ്വനാഥന്‍െറ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മ മുന്നിട്ടിറങ്ങുന്നത്. ഞാറ് പാകി കൊയ്ത്ത് വരെയുള്ള പ്രവൃത്തികള്‍ സമിതിയുടെ മേല്‍നോട്ടത്തിലാണ്. കര്‍ഷകരില്‍നിന്ന് മുന്‍കൂറായി വിഹിതം സ്വരൂപിച്ചിട്ടുണ്ട്. നവീന കൃഷിരീതി അവലംബിച്ചായിരിക്കും കൃഷി. ഉപദേശ നിര്‍ദേശങ്ങളുമായി കൃഷി ഓഫിസര്‍ വി.പി. സിന്ധുവും കൂടെയുണ്ട്. നവ മാധ്യമങ്ങളിലും പുതുപരീക്ഷണങ്ങളിലും തല്‍പരയായ കൃഷി ഓഫിസര്‍ വിളയൂരിലത്തെിയതോടെയാണ് പഞ്ചായത്തിന്‍െറ കാര്‍ഷികചരിത്രം തിളക്കം വീണ്ടെടുത്തത്. കെ. മുരളിയുടെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയും സഹായവും കൂടിച്ചേര്‍ന്നതോടെ കര്‍ഷക മനം തളിരിട്ടു. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പഞ്ചായത്തിന്‍െറ ജൈവകൃഷി സന്ദേശം വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. പദ്ധതിയുടെ ചുക്കാന്‍ പിടിച്ചത് കൃഷി ഓഫിസറും പുതിയ ഭരണസമിതിയുമായിരുന്നു. തൊഴിലാളികളും വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഒരു മനസ്സോടെ ഏറ്റെടുത്ത പച്ചക്കറി കൃഷിയുടെ വിജയം നെല്‍കൃഷിയിലേക്കുള്ള പാത തുറക്കുകയായിരുന്നു. കൃഷി വകുപ്പിന്‍െറ സാങ്കേതിക സഹായം ലഭ്യമാക്കി പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. കൂട്ടുകൃഷി പഞ്ചായത്തിലെ ഇതരഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് പഞ്ചായത്ത് ഭരണസമിതി. ഭക്ഷ്യ സ്വയംപര്യാപ്തതക്കും വിഷമില്ലാത്ത ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും പുതുമാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് കെ. മുരളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.