അരലക്ഷത്തോളം തെങ്ങുകള്‍ കരിഞ്ഞുണങ്ങി; കേര കര്‍ഷകര്‍ക്ക് സഹായം ലഭിക്കുന്നില്ല

പാലക്കാട്: അതികഠിനമായ വേനല്‍ ചൂടില്‍ ജില്ലയില്‍ നാല്‍പതിനായിരത്തോളം തെങ്ങുകള്‍ ഉണങ്ങി നശിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തെങ്ങുകള്‍ ഉണങ്ങി നശിച്ചത് ഇത്തവണയാണ്. പക്ഷേ, ഉണങ്ങിയ തെങ്ങുകള്‍ മുറിച്ച് മാറ്റാന്‍ കര്‍ഷകര്‍ക്ക് ആയിരങ്ങള്‍ ചെലവാക്കേണ്ട അവസ്ഥയാണ്. കാലങ്ങളായി സംരക്ഷിച്ചുവരുന്ന തെങ്ങുകള്‍ ഉണങ്ങി നശിച്ചതിലൂടെ ഉണ്ടായ നഷ്ടത്തിന് പുറമെ മുറിക്കല്‍ കൂലിയും കേരകര്‍ഷകന്‍ കൈയില്‍നിന്ന് നല്‍കേണ്ടി വരുന്നു. കൂടുതലും കൃഷിയിടങ്ങളിലെ വരമ്പുകളില്‍ നട്ട തെങ്ങുകള്‍ക്കാണ് ഉണക്കം ബാധിച്ചിട്ടുള്ളത്. വെള്ളം കുറവ് മാത്രം വേണ്ടി വരുന്ന ഇഞ്ചി പോലുള്ള കൃഷി ചെയ്ത പാടവരമ്പുകളിലെ തെങ്ങുകള്‍ക്കാണ് നാശമുണ്ടായിട്ടുള്ളത്. നെല്ല് കൃഷി ചെയ്ത പാടങ്ങളില്‍ വെള്ളം കെട്ടി നിന്നിരുന്നത് തെങ്ങുകള്‍ക്ക് ഗുണകരമായിരുന്നു. ഇഞ്ചി കൃഷിക്കായി ചാലെടുത്ത് വെള്ളം വറ്റിച്ച് കളഞ്ഞതോടെയാണ് തെങ്ങുകളെ ഉണക്കം ബാധിച്ചതെന്ന് കേര കര്‍ഷകര്‍ പരാതിപ്പെടുന്നു. ഉണങ്ങി നശിച്ച തെങ്ങുകള്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടത് നാളികേര വികസന ബോര്‍ഡാണ്. മുമ്പ് 500 രൂപ നഷ്ട പരിഹാരം നല്‍കിയിരുന്നത് 150 രൂപയാക്കി കുറച്ചിട്ടുണ്ട്. എല്ലാ കര്‍ഷകര്‍ക്കും ഈ തുക കിട്ടാനുമിടയില്ല. കാരണം, നാളികേര ഫെഡറേഷന്‍െറ ക്ളസ്റ്ററുകള്‍ രൂപവത്കരിച്ച് തെങ്ങുകളുടെ എണ്ണം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ ബോര്‍ഡിന് നിയമമുള്ളൂ. ഭൂരിഭാഗം പ്രദേശങ്ങളിലും ക്ളസ്റ്ററുകള്‍ രൂപവത്കരിച്ചിട്ടില്ലാത്തതിനാല്‍ കേര കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. അതുകൊണ്ട് ധനസഹായം ഇവര്‍ക്കൊന്നും ലഭിക്കില്ല. കൃഷി വകുപ്പിനാണെങ്കില്‍ ഉണങ്ങിയ തെങ്ങുകള്‍ വെട്ടിമാറ്റാന്‍ ഫണ്ട് നല്‍കാനും കഴിയില്ല. ഈ അവസ്ഥയില്‍ ജില്ലയിലെ കേരകര്‍ഷകര്‍ വലിയ ദുരിതത്തിലാണിപ്പോള്‍. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ തെങ്ങുകള്‍ ഉണങ്ങി നശിച്ചിട്ടുള്ളത്. ഉണങ്ങിയ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ നടാന്‍ സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.