ആനക്കര: മണ്ഡലം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്കായതോടെ മല-കക്കാട്ടിരി റോഡിന്‍െറ ദുരവസ്ഥ തുടരുന്നു. കാല്‍നടയാത്ര പോലും സാധ്യമാവാത്തവിധം ഈ റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് ഫണ്ട് അനുവദിച്ച് വീതി കൂട്ടി റോഡ് ടാറിങ് നടത്താമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഫണ്ട് അനുവദിക്കാതെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. സംഭവം തൃത്താല മണ്ഡലം യു.ഡി.എഫില്‍ ഭിന്നതക്ക് വഴിവെച്ചിട്ടുണ്ട്. പട്ടിത്തറ പഞ്ചായത്തില്‍പ്പെട്ട റോഡാണിത്. പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫാണെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേക്കാള്‍ 2700ലേറെ വോട്ട് അധികം നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. സ്ഥലം എം.എല്‍.എയായ വി.ടി. ബല്‍റാമിന്‍െറ വീട് ഉള്‍പ്പെടുന്ന പഞ്ചായത്ത് കൂടിയായിട്ടും നേത്യത്വം വഞ്ചിച്ചുവെന്നാണ് പരാതി. തെരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് യു.ഡി.എഫ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുകയും വോട്ട് ബഹിഷ്കരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, മുസ്ലിം ലീഗ് നേതാവ് പി.ഇ.എ. സലാം, വി.ടി. ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും നിവേദനം നല്‍കുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല. പട്ടിത്തറ പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കക്കാട്ടിരി ദേശത്തെ പ്രധാന റോഡാണ് മല മുതല്‍ വട്ടത്താണി വരെയുള്ള ഈ റോഡ്. പൊന്നാനി-പാലക്കാട് സംസ്ഥാനപാതയെയും പൊന്നാനി-പട്ടാമ്പി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡ് തൃശൂര്‍ ഭാഗത്തുനിന്ന് വെള്ളിയാംങ്കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള എളുപ്പ മാര്‍ഗമാണ്. അഞ്ച് കിലോമീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയിലധികം വീതിയുമുള്ള റോഡ് കാലങ്ങളായി തികഞ്ഞ അവഗണനയാണ് നേരിടുന്നത്. രണ്ടു ബസുകള്‍ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ സമ്മര്‍ദം മൂലം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി 20 ലക്ഷവും ജില്ലാ പഞ്ചായത്ത് 15 ലക്ഷവും വി.ടി. ബല്‍റാം എം.എല്‍.എ ആറ് ലക്ഷം രൂപയും അനുവദിച്ചെങ്കിലും റോഡിന്‍െറ ശോച്യാവസ്ഥക്ക് പൂര്‍ണമായ പരിഹാരം കാണാനായില്ല. റോഡിന്‍െറ ശോച്യാസ്ഥമൂലം ബസുകള്‍ ഇടക്കിടെ ട്രിപ് മുടക്കുന്നത് വിദ്യാര്‍ഥികളെയും മറ്റു യാത്രക്കാരെയും ഏറെ പ്രയാസപ്പെടുത്തുന്നു. നിലംപതി മുതല്‍ മദ്റസ വരെയുള്ള ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്. മഴക്കാലങ്ങളില്‍ വെള്ളം പൂര്‍ണമായും റോഡിലൂടെയാണ് കുത്തിയൊലിച്ച് പോകുന്നത്. റോഡ് താഴ്ന്ന നിലയിലായതും ഇരുഭാഗത്തും ഓവുചാലുകള്‍ ഇല്ലാത്തതുമാണ് ഇതിനു കാരണം. ഈ ഭാഗം ഒരു അടി ഉയര്‍ത്തി റീ ടാറിങ് നടത്തി ഓവുചാലുകള്‍ നിര്‍മിക്കുകയാണെങ്കില്‍ മാത്രമേ തകര്‍ച്ചക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.