റോഡോരങ്ങളില്‍ മരം നട്ട് ഓട്ടോ ഡ്രൈവര്‍ ശ്യാംകുമാര്‍

പാലക്കാട്: ‘മരം ഒരു വരം’ എന്ന മുദ്രാവാക്യമുയര്‍ത്തി ശ്യാംകുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍ നാട്ടിലെങ്ങും മരങ്ങള്‍ നടുകയാണ്. മരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ശ്യാമിന്‍െറ പ്രകൃതി സ്നേഹം. ഇദ്ദേഹത്തിന്‍െറ വീടും പരിസരവും തുറന്നിട്ട ഒരു കിളിക്കൂടാണിപ്പോള്‍. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനത്തില്‍ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നതിനുള്ള വരുമാനത്തോടൊപ്പം റോഡോരങ്ങളില്‍ ചെടി നട്ട് സംരക്ഷിക്കാനുള്ള ചെലവും ഇദ്ദേഹം കണ്ടത്തെുന്നു. ‘മാധവം’ എന്ന തന്‍െറ മുച്ചക്ര വാഹനത്തില്‍ എന്നും പത്ത് മരത്തൈകളും പത്ത് ലിറ്റര്‍ വെള്ളമടങ്ങുന്ന കന്നാസുമുണ്ടാകും. യാത്രകള്‍ പോയി മടങ്ങുമ്പോള്‍ മരങ്ങള്‍ ഇല്ലാത്ത റോഡോരങ്ങളില്‍ ഇദ്ദേഹം ചെടി നട്ട് നനച്ച് സംരക്ഷിക്കും. സ്കൂളില്‍ പഠിക്കുന്നകാലം മുതലേ മരങ്ങളോടും കിളികളോടുമൊക്കെ സൗഹൃദത്തിലായിരുന്നു ശ്യാം. പ്രീഡിഗ്രി വരെ പഠിച്ച ശ്യാമിന് വനംവകുപ്പില്‍ ഫോറസ്റ്റ് ഗാര്‍ഡായി താല്‍ക്കാലിക ജോലി ലഭിച്ച സമയത്ത് സോഷ്യല്‍ ഫോറസ്ട്രിയില്‍ വനവത്കരണ പരിപാടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നു. ആറ് മാസക്കാലത്തെ ജോലിക്കിടയില്‍ ജില്ലയിലെ റോഡോരങ്ങളില്‍ വനംവകുപ്പ് ആയിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ജോലിയില്‍നിന്ന് വിടുതല്‍ വാങ്ങിയ ശേഷം ശ്യാംകുമാര്‍ വനംവകുപ്പുമായി സഹകരിച്ച് തന്‍െറ നാട്ടിലും സമീപ പ്രദേശങ്ങളിലുമായി അയ്യായിരത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തേങ്കുറുശ്ശി കരിപ്പാംകുളങ്ങര സ്വദേശിയായ ഇദ്ദേഹം നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന ചെറിയ സഹായംകൊണ്ട് കൊടുവായൂര്‍, തേങ്കുറുശ്ശി, പെരുവെമ്പ് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ റോഡോരങ്ങളിലെല്ലാം മരം നട്ട് ഹരിതാഭമാക്കി. മരം നടുന്നതോടെ ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന ശീലമല്ല ശ്യാംകുമാറിന്‍േറത്. ഒരാള്‍ പൊക്കം വരുന്നതുവരെ അവക്ക് തടമിട്ട്, സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കുന്ന പതിവാണുള്ളത്. അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരു വരള്‍ച്ചാകാലത്ത് വെള്ളം കിട്ടാതെ വലഞ്ഞ പക്ഷിക്കൂട്ടത്തിന് ശ്യാം വീട്ടില്‍ കൂടൊരുക്കി വെള്ളവും തീറ്റയും നല്‍കി. ഇപ്പോള്‍ 22 ഇനങ്ങളില്‍പെട്ട കിളികള്‍ രാവിലേയും വൈകീട്ടും ശ്യാമിന്‍െറ കരിപ്പാംകുളങ്ങരയിലെ വീട്ടില്‍ വെള്ളം കുടിക്കാനും തീറ്റക്കായും എത്തുന്നുണ്ട്. അതുകഴിഞ്ഞ് തേന്‍കിളികള്‍ കൂട്ടില്‍ ചേക്കേറും. ബാക്കിയെല്ലാം തിരിച്ച് പോകും. ശ്യാമിന്‍െറ ഭാര്യ സജിതയും നാലാം ക്ളാസില്‍ പഠിക്കുന്ന മകന്‍ സായൂജും ഒന്നാംക്ളാസുകാരി സഞ്ജനയും ശ്യാമിന്‍െറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കൂടെയുണ്ട്. 2011ല്‍ ജൈവ വൈവിധ്യ ബോര്‍ഡ് ‘ഹരിത അവാര്‍ഡ്’ നല്‍കി ആദരിച്ചു. 2013ല്‍ വനംവകുപ്പിന്‍െറ വനമിത്ര അവാര്‍ഡും 2015ല്‍ കേരള സര്‍ക്കാറിന്‍െറ പഞ്ചായത്ത്തല പരിസ്ഥിതി പ്രവര്‍ത്തകനുള്ള ‘പ്രകൃതി മിത്ര’ അവാര്‍ഡും 2016ല്‍ ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍െറ ‘ഭൂമിമിത്ര’ അവാര്‍ഡും ശ്യാംകുമാറിന് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.