നാല് പതിറ്റാണ്ടുകൊണ്ട് നികത്തപ്പെട്ടത് 1,03,980 ഹെക്ടര്‍ നെല്‍വയല്‍

പാലക്കാട്: പരന്നുകിടക്കുന്ന പാടങ്ങളുടെ പച്ചപ്പ് മായുകയാണ്. നാലു പതിറ്റാണ്ടുകൊണ്ട് ജില്ലയില്‍ നികത്തപ്പെട്ടത് 1,03,980 ഹെക്ടര്‍ നെല്‍വയല്‍. ജില്ലയില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നതിന് പ്രധാന കാരണം വയലുകള്‍ നികത്തപ്പെടുന്നതിനാലാണ്. 1955ല്‍ പാലക്കാട് ജില്ലയില്‍ 1.3 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നു. 1970ല്‍ ഇത് 1,82,621 ഹെക്ടറായി വര്‍ധിച്ചു. 1973-74 ആയപ്പോഴേക്കും മൂന്ന് വിളയിലും കൂടി 1,83, 181 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിച്ചു. 1980ന്‍െറ ആദ്യംവരെ ജില്ലയില്‍ നെല്‍കൃഷിയുടെ സുവര്‍ണ കാലമെന്ന് പറയാം. ഇത് കഴിഞ്ഞുള്ള ആദ്യ അഞ്ച് വര്‍ഷം കൊണ്ട് നെല്‍പ്പാടം 1,60,855 ഹെക്ടറായി കുറഞ്ഞു. 1989 ആയപ്പോഴേക്കും നെല്‍കൃഷി 1,47,179 ഹെക്ടറായി ചുരുങ്ങി. 1997ല്‍ വയല്‍ വിസ്തൃതി 1,28,359 ആയും 2001ല്‍ 1,18, 701 ആയും താഴ്ന്നു. 2002ല്‍ പാടങ്ങളുടെ വിസ്തൃതി 1,13,000 ഹെക്ടറായി ഇടിഞ്ഞു. 2006-07ല്‍ വീണ്ടും 109,208 ഹെക്ടറായി ഇടിഞ്ഞു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്ന 2008ല്‍ ജില്ലയില്‍ 1,09,208 ഹെക്ടര്‍ നെല്‍വയലാണുണ്ടായിരുന്നത്്. 2010-11ല്‍ വിസ്തൃതി 87, 511 ഹെക്ടറായി ചുരുങ്ങി. 2012-13ല്‍ വീണ്ടും വയല്‍ വിസ്തൃതി കുറയുകയും നെല്‍പ്പാടം 79,201 ഹെക്ടറായി ചുരുങ്ങുകയും ചെയ്തു. എങ്കിലും സംസ്ഥാനത്തെ മൊത്തം നെല്‍വയലിന്‍െറ 40.14 ശതമാനം ഇപ്പോഴും ജില്ലയില്‍ തന്നെ. 1970ല്‍ ജില്ലയില്‍ ഉണ്ടായിരുന്ന നെല്‍വയലിന്‍െറ 60 ശതമാനത്തോളം ഇപ്പോള്‍ നികത്തപ്പെട്ടതായാണ് വിലയിരുത്തല്‍. ഈ നില തുടര്‍ന്നാല്‍ കേരളത്തിന്‍െറ നെല്ലറ ചരിത്രത്തിന്‍െറ ഭാഗമാകാന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല. ഒരു ഹെക്ടര്‍ വയലില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു വര്‍ഷംകൊണ്ട് സംഭരിക്കുന്നത്. ഭൂഗര്‍ഭ ജലത്തിന്‍െറ 30-40 ശതമാനം എത്തുന്നതും വയലുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളത്തില്‍നിന്ന്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം താഴുന്നതിന് കാരണം വയലുകള്‍ നികത്തപ്പെടുന്നത് മൂലമാണെന്ന് വിവിധ പഠനങ്ങളിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.