സബ്സിഡിയില്ല; ചകിരിമില്ലുകള്‍ പ്രതിസന്ധിയില്‍

കൊല്ലങ്കോട്: സര്‍ക്കാര്‍ സബ്സിഡി നല്‍കാത്തതിനാല്‍ ചകിരിമില്ലുടമകള്‍ ആഗസ്റ്റ് പത്തുമുതല്‍ സമരത്തിലേക്ക്. 2010 സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച നാളികേര തൊണ്ടുസംഭരണപദ്ധതി പ്രാബല്യത്തില്‍ വരാത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കയര്‍ ഫാക്ടറികള്‍ക്ക് ഉണ്ടാകുന്നത്. പാലക്കാട് ജില്ലയില്‍മാത്രം 14 ചകിരിമില്ലുകളാണുള്ളത്. ഇതില്‍ 300 തൊഴിലാളികള്‍ നേരിട്ടും 1000ലധികം പേര്‍ പരോക്ഷമായും തൊഴിലെടുക്കുന്നു. നാളികേരത്തില്‍നിന്ന് പിരിച്ചെടുക്കുന്ന ചകിരിതൊണ്ട് ശേഖരിച്ചാണ് കയര്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ സബ്സിഡി ലഭിക്കാത്തതിനാല്‍ ഉയര്‍ന്ന വിലനല്‍കി തൊണ്ട് സംഭരിക്കേണ്ട അവസ്ഥയിലാണ് മില്ലുടമകള്‍. ചകിരിതൊണ്ടിനെ ചകിരിചോറാക്കി തരംരിതിക്കുമ്പോള്‍ തുടര്‍ന്നുള്ള ഉല്‍പാദനത്തിനുള്ള ചെലവ് വര്‍ധിക്കുന്നു. ചകിരിചോറ് നിര്‍മിക്കുന്ന മില്ലുകളില്‍ ഉല്‍പന്നങ്ങള്‍ എടുക്കാന്‍ ആളത്തൊത്തതിനാല്‍ വന്‍തോതില്‍ കെട്ടിക്കിടക്കുകയാണ്. പൊള്ളാച്ചി മേഖലയില്‍നിന്നും ആലപ്പുഴയിലേക്കും കണ്ണൂരിലേക്കും വരെ വേര്‍തിരിച്ച ചകിരി ചുരുങ്ങിയ വിലക്ക് ലഭിക്കുന്നുണ്ട്. ഇതുമൂലം ജില്ലയിലെ ചകിരിമില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് പാലക്കാട് ജില്ലാ കയര്‍ ഫൈബര്‍ പ്രൗഡക്ട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എസ്. ബിന്ദു പറഞ്ഞു. ജില്ലയില്‍ നാളികേര തൊണ്ട് ചകിരിയാക്കുന്നതിനേക്കാള്‍ രണ്ടരയിരട്ടി ചെലവ് കുറവാണ് തമിഴ്നാട്ടിലുള്ളത്. ഇതുമൂലം തമിഴ്നാട്ടില്‍നിന്നും ചകിരി മൊത്തമായി വാങ്ങി ആലപ്പുഴ ഉള്‍പ്പെടെയുള്ള കയര്‍ ഉല്‍പാദനഫാക്ടറികളിലേക്ക് പോകുന്നതാണ് ജില്ലയിലെ കയര്‍ മില്ലുകളെ പ്രതിസന്ധിയിലാക്കിയത്. കേരളത്തിലെ ഒമ്പത് കയറുല്‍പന്ന പ്രോജക്ടുകളില്‍ പൊന്നാനി കേന്ദ്രീകരിച്ചുള്ള ഓഫിസിന് കീഴിലാണ് ജില്ലയിലെ ചകിരിമില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊന്നാനി ഓഫിസില്‍നിന്നും മില്ലുകള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ളെന്ന് പരാതിയുണ്ട്. നാലു വര്‍ഷത്തിലധികമായി കയര്‍മേഖല നഷ്ടത്തിലാണെന്ന് മില്ലുടമയായ കെ.സി. ചെന്താമരാക്ഷന്‍ പറയുന്നു. ചകിരിമില്ലുകളെ ആശ്രയിക്കുന്ന തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കണമെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.