ആദിവാസികള്‍ മണ്ണാര്‍ക്കാട് മിനി സിവില്‍സ്റ്റേഷന്‍ ഉപരോധിച്ചു

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ താമസിക്കാനും കൃഷി ചെയ്യാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി നക്കുപ്പതിപിരിവ് ഊരിലെ ആദിവാസികള്‍ മണ്ണാര്‍ക്കാട് മിനി സിവില്‍സ്റ്റേഷന്‍ ഉപരോധിച്ചു. കേരള കര്‍ഷക സംരക്ഷണ അസോസിയേഷന്‍െറ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. ആദിവാസി ഊരിലെ വൃദ്ധരും സ്ത്രീകളുമടക്കം നൂറോളം പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അട്ടപ്പാടിയിലെ അഗളി വില്ളേജ് പരിധിയിലെ 10/54 സര്‍വേ നമ്പറിലെ ആദിവാസികളുടെ കൈവശമുള്ള ഭൂമിക്ക് റവന്യൂ അധികൃതര്‍ കരം വാങ്ങുന്നില്ളെന്നും കൈവശ ഭൂമിയില്‍ കൃഷി ചെയ്താല്‍ വനംവകുപ്പ് അധികൃതര്‍ നശിപ്പിക്കുകയാണെന്നും ഉപരോധക്കാര്‍ ആരോപിച്ചു. 2007ല്‍ വനംവകുപ്പ് അധികൃതര്‍ എട്ട് ആദിവാസികളുടെ വീട് നശിപ്പിച്ചുവെന്നും അതിനുള്ള നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും ആദിവാസികള്‍ ആവശ്യപ്പെട്ടു. രാവിലെ 10ന് തുടങ്ങിയ ഉപരോധം വൈകീട്ട് അഞ്ചുവരെ തുടര്‍ന്നു. ജില്ലാ കലക്ടര്‍ മേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് ബാവ എന്നിവര്‍ വൈകീട്ട് 4.45ഓടെ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആദിവാസികളുടെ ഭൂമിയില്‍ അടുത്ത 45 ദിവസത്തിനകം റവന്യൂ-വനം വകുപ്പ് എന്നീ വകുപ്പുകളുടെ ജോയന്‍റ് വെരിഫിക്കേഷന്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. കൂടാതെ 2007ല്‍ വനംവകുപ്പ് അധികൃതര്‍ ആദിവാസികളുടെ കുടിലും ഭക്ഷണ സാധനങ്ങളും നശിപ്പിച്ച സംഭവത്തില്‍ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി നല്‍കാനും വനംവകുപ്പ് അധികൃതരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട് സി.ഐ ഇന്‍ചാര്‍ജ് ദീപക് കുമാര്‍, എസ്.ഐ ഷിജു കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രാവിലെ തന്നെ സ്ഥലത്തത്തെിയിരുന്നു. കര്‍ഷക സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ശിവരാമന്‍, സെക്രട്ടറി റെയ്മെന്‍റ് ആന്‍റണി, നക്കുപ്പതി പിരിവ് ഊരിലെ മൂപ്പന്‍ തൂതി, രവീന്ദ്രനാഥ്, സഹസ്രം, ജയപ്രകാശ്, അന്നകുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.