ഓണമുണ്ണാന്‍ വിഷമുക്ത പച്ചക്കറി ഒരുക്കുന്നു

കോങ്ങാട്: ഗ്രാമീണ മേഖലയില്‍ ഓണത്തിന് ഇക്കുറി വിഷമുക്ത പച്ചക്കറി വിളവെടുക്കും. കേരളശ്ശേരി, കോങ്ങാട്, മൂണ്ടൂര്‍, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തികള്‍, കൂട്ട് സംരംഭങ്ങള്‍ എന്നിവ വിഷമുക്ത പച്ചക്കറി പാടങ്ങളിലും പറമ്പുകളിലും കൃഷിയിറക്കിയത് ഓണത്തിന് മുമ്പ് വിളവെടുപ്പിന് ഒരുങ്ങും. കൃഷിഭവന്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ഈ മേഖലയിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി വിജയം കാണുമെന്നാണ് പ്രതീക്ഷ. മണ്ണിന്‍െറ പശിമയും തനിമയും നിലനിര്‍ത്താനും ജൈവ കാര്‍ഷിക രീതി പരിപോഷിപ്പിക്കാനും ഇത്തരം പരിശ്രമങ്ങള്‍ വ്യാപിപ്പിക്കാനും ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുകള്‍തോറും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ചില പഞ്ചായത്തുകളില്‍ വിഷുവിനുമുമ്പ് ചെറിയതോതില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയിരുന്നു. ഇതു വിജയകരമായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സ്വന്തം ആവശ്യത്തിനും വില്‍പന ലക്ഷ്യമിട്ടും കീടനാശിനി മുക്ത പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്ത് വിളവെടുക്കാന്‍ വെണ്ട, വഴുതിന, നാടന്‍ പയര്‍, ചീര, പടവലം, പാവക്ക എന്നീ ഇനങ്ങളാണ് കൃഷി ഇറക്കിയിട്ടുള്ളത്. നാട്ടിന്‍ പുറങ്ങളിലെ വ്യക്തിതലത്തിലും ജൈവ കൃഷിക്ക് സംഘടിതരൂപം പൂര്‍ണാര്‍ഥത്തില്‍ വരുന്നതോടെ ഇറക്കുമതി പച്ചക്കറികളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.