നിള നിറഞ്ഞില്ല; ഓര്‍മയില്‍ മായാതെ 2007

പട്ടാമ്പി: 2007 ജൂലൈ 17; പട്ടാമ്പിയുടെ മനസ്സില്‍ കാലവര്‍ഷം മായാത്തചിത്രം പതിച്ച ദിനം. മദിച്ചൊഴുകിയ നിളാനദി പട്ടാമ്പി പാലവും കീഴടക്കി നാട്ടുകാര്‍ക്ക് വിസ്മയവും ആശങ്കയും നല്‍കിയ ദിനംകൂടിയായിരുന്നു അത്. നിരവധി വീടുകള്‍ മുക്കിയും നാശനഷ്ടങ്ങള്‍ വിതച്ചും തുടര്‍ന്ന മഴ നിളക്ക് സമ്മാനിച്ചത് രൗദ്രഭാവമായിരുന്നു. അടിക്കടി നിറഞ്ഞുവന്ന പുഴ കാണാന്‍ ഉച്ചയോടെ നിരവധിയാളുകള്‍ പാലത്തിനടുത്തത്തെി. ഉച്ച കഴിഞ്ഞതോടെ പൊലീസ് രംഗത്തിറങ്ങി. ഏതുസമയവും പാലം വെള്ളത്തിനടിയിലാകാമെന്ന സ്ഥിതി ഭീതി പരത്തി. അമിത മണലെടുപ്പ് മൂലം പാലത്തിന്‍െറ തൂണുകള്‍ ബലക്ഷയം നേരിടുന്ന പശ്ചാത്തലത്തില്‍ പുകയുന്ന മനസ്സോടെയാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയിട്ടും കാല്‍നടക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയില്ല. എന്നാല്‍, വൈകുന്നേരത്തോടെ ഗതാഗതം പൂര്‍ണമായും തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍ പോയി വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പാലത്തിനിരുവശവും ആളുകള്‍ കുടുങ്ങി. എന്നാല്‍, തിരിമുറിയാതെ പെയ്യേണ്ട തിരുവാതിരയും ഉണര്‍വില്ലാതെ പുണര്‍തവും കടന്നുപോയപ്പോള്‍ നിളയുടെ നിറവ് പഴയകാല സ്വപ്നത്തിലൊതുങ്ങുകയാണ്. ഇരുകരയും മുട്ടിയുരുമ്മി പുഴയൊഴുകാന്‍ തുടങ്ങിയിട്ടുണ്ടെന്നത് മാത്രമാണ് കര്‍ക്കടകം പിറന്നപ്പോഴത്തെ കാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.