ആദിവാസി സമരം: ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട് തേടി

വടക്കഞ്ചേരി: കടപ്പാറയില്‍ ആദിവാസികള്‍ വനംഭൂമി കൈയേറി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട നെന്മാറ ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സമരക്കാരുമായി ചര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. കടപ്പാറ മൂര്‍ത്തിക്കുന്നിലെ കോളനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50ഓളം പേരാണ് വെള്ളിയാഴ്ച മുതല്‍ വനംഭൂമി കൈയേറി പന്തല്‍ കെട്ടി സമരം തുടങ്ങിയത്. ഡി.എഫ്.ഒ എം. വിമല്‍കുമാര്‍ ശനിയാഴ്ച സ്ഥലത്തുപോയി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടാം ദിവസം തന്നെ സമരക്കാര്‍ കാടുവെട്ടി തെളി തുടങ്ങി. കൃഷി നടത്താനും നീക്കമുണ്ട്. സമരം തിങ്കളാഴ്ച നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് സമരക്കാര്‍ പറയുന്നു. കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയില്‍ 19 കുടുംബങ്ങളാണ് താമസിക്കുന്നത്. ഓരോ കുടുംബങ്ങള്‍ക്കും അഞ്ച് ഏക്കര്‍ വീതം ഭൂമി പതിച്ച് നല്‍കണമെന്നാണ് ആവശ്യം. കുന്നിന്‍ ചെരിവിലുള്ള കോളനിയുടെ മേലേഭാഗം വനമാണ്. അടിക്കാടും ചെറുമരങ്ങളുമാണ് വെട്ടിയത്. വരും ദിവസങ്ങളില്‍ വലിയ മരങ്ങളും മുറിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.