കോച്ച് ഫാക്ടറി : ബജറ്റ് വിഹിതം സ്ഥല സംരക്ഷണത്തിന് മാത്രമെന്ന് റെയില്‍വേ

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി റെയില്‍വേ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയതായും ഈ തുക അക്വയര്‍ ചെയ്ത സ്ഥലം സംരക്ഷിക്കുന്നതിനായാണ് വിനിയോഗിക്കുകയെന്നും പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആനന്ദ് പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോച്ച് ഫാക്ടറി നിര്‍മിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ബോര്‍ഡ്തലത്തില്‍ വ്യക്തമായ തീരുമാനം ഇനിയും ഉണ്ടായിട്ടില്ളെന്ന് അദ്ദേഹം വെളിപ്പെടുത്തി. പൊതു- സ്വകാര്യ ഉടമസ്ഥതയില്‍ നിര്‍മിക്കണോയെന്നത് സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട നയപരമായ തീരുമാനമാണ്. അത് ഇനിയും ഉണ്ടായിട്ടില്ല. നിലവിലുള്ള മെമു ഷെഡ് അറ്റകുറ്റപ്പണികള്‍ നടത്തി വലിപ്പം കൂട്ടാന്‍ ബജറ്റില്‍ പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മെമു ട്രെയിനിന്‍െറ എട്ട് ബോഗികളടങ്ങുന്ന നാല് റേക്ക് നിലവിലുണ്ട്. ഒരെണ്ണം എത്തിയിട്ടുണ്ട്. രണ്ടെണ്ണം കൂടി ഉടന്‍ ലഭിക്കും. ഇതോടെ, പാലക്കാട് ഡിവിഷനില്‍ മെമു ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കാന്‍ നടപടി സ്വീകരിക്കും. കൊങ്കണ്‍ റെയില്‍പാത-പൊള്ളാച്ചി പാത എന്നിവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബൈപാസ് ലൈന്‍ നിര്‍മിക്കാനുള്ള പ്ളാന്‍ സമര്‍പ്പിച്ചുകഴിഞ്ഞു. പാലക്കാട് ജങ്ഷന്‍-ടൗണ്‍ ബൈപാസ് ലൈന്‍ നിര്‍മിക്കാന്‍ പത്തുകോടി അനുവദിച്ചിട്ടുണ്ട്. മംഗലാപുരം-രാമേശ്വരം കൊങ്കണ്‍ ട്രെയിന്‍, പാലക്കാട്-രാമേശ്വരം, പാലക്കാട്-മധുര, മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി, കൊച്ചി-ബംഗളൂരു, കോഴിക്കോട്-ബംഗളൂരു എന്നീ പുതിയ ട്രെയിനുകള്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ജൂലൈയില്‍ ഇവ ഓടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്. തീര്‍ഥാടക ട്രെയിനുകള്‍ ഓടിക്കുന്നതിന് പുറമെ ചെന്നൈ-പൊള്ളാച്ചി-കൊച്ചി തുറമുഖത്തെയും ബന്ധിപ്പിച്ചുകൊണ്ട് ചരക്ക് വണ്ടികള്‍ ഓടിക്കാനുള്ള പദ്ധതികളും നടപ്പാക്കാന്‍ പരിപാടിയുണ്ട്. ഇതിലൂടെ ഡിവിഷന് നല്ല ലാഭമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്‍, സീനിയര്‍ ഡിവിഷന്‍ കമേഴ്സ്യല്‍ മാനേജര്‍ പി.എ. ധനഞ്ജയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.