അട്ടപ്പാടിയില്‍ ഭൂമി വിതരണം ഇന്ന്

അഗളി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കിടപ്പാടം ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി ഭൂമി വിതരണ മേളയും ആനവായ്-ചിണ്ടക്കി റോഡ് ഉദ്ഘാടനവും വെള്ളിയാഴ്ച രാവിലെ 10ന് അഗളിയിലെ അഹാഡ്സ് ആസ്ഥാന മന്ദിരത്തില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയുടെ വിപുലീകരണം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.ബി. രാജേഷ് എം.പി മുഖ്യാതിഥിയാകും. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അട്ടപ്പാടിയില്‍ നല്‍കുന്ന ഭൂമിയുടെ വിശദവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്കെച്ച് തയാറാക്കി. 517 പേര്‍ക്ക് 480ഓളം ഏക്കര്‍ ഭൂമി നല്‍കാനും കൈവശരേഖ വിതരണം ചെയ്യാനും ബാക്കി 600ഓളം പേര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ഭൂമി നല്‍കാനുമാണ് തീരുമാനം. നിലവില്‍ 148 ഊരുകളിലുള്ള ഭൂരഹിതരെ കണ്ടത്തെി അതത് ഊരുകള്‍ക്ക് ലഭ്യമായതില്‍ ഏറ്റവും അടുത്തുവരുന്ന വനഭൂമിയാണ് വിതരണം ചെയ്യുക. ഭാവിയില്‍ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ കൈവശരേഖയില്‍ ഗുണഭോക്താവിന്‍െറ ഫോട്ടോ, വിരലടയാളം, ആധാര്‍ നമ്പര്‍ എന്നിവയും നല്‍കുന്ന ഭൂമിയുടെ വിശദാംശങ്ങളും അടയാളപ്പെടുത്തും. ആകെ ഭൂമിയുടെ സ്കെച്ചില്‍ വ്യക്തിഗത പ്ളോട്ട് അടയാളപ്പെടുത്തിയാണ് കൈവശരേഖ നല്‍കുക. ഓരോ പ്ളോട്ടും സര്‍വേ കല്ലിട്ട് തിരിക്കുകയും അങ്കണവാടി, ഹെല്‍ത്ത് സെന്‍റര്‍, കമ്യൂണിറ്റി ഹാള്‍, കളിസ്ഥലം, ശ്മശാനം തുടങ്ങിയ പൊതുസൗകര്യങ്ങളും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.