കുതിരാനിലെ ആദ്യ തുരങ്കം: യാഥാര്‍ഥ്യമാവാന്‍ ഇനി 120 മീറ്റര്‍

വടക്കഞ്ചേരി: 120 മീറ്റര്‍ കൂടി പൂര്‍ത്തിയായാല്‍ കുതിരാനിലെ ആദ്യ തുരങ്കം യാഥാര്‍ഥ്യമാവും. കുതിരാന്‍ മലയുടെ അടിവാരത്തുനിന്ന് ഇടതുഭാഗത്തെ തുരങ്കമാണ് ആദ്യ നിര്‍മാണം തുടങ്ങിയത്. ഇരുവശത്തും നിര്‍മാണം ആരംഭിച്ച തുരങ്കം ഇപ്പോള്‍ 800 മീറ്റര്‍ പൂര്‍ത്തിയാക്കി. ഇരുഭാഗത്തുനിന്നുള്ള പാറഖനനം ജനുവരിയോടെ പൂര്‍ത്തിയാകും. ഒരുകിലോമീറ്റര്‍ വരുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന് 920 മീറ്ററാണ് ഓരോന്നിലും പാറ തുരക്കേണ്ടത്. വലതുഭാഗത്തെ തുരങ്കം വഴുക്കുംപാറക്കടുത്ത് പടിഞ്ഞാറുനിന്ന് തുരക്കല്‍ ആരംഭിച്ചു. ഇത് 20 മീറ്റര്‍ പൂര്‍ത്തിയാക്കി. വലതുഭാഗത്തെ തുരങ്കം ഇരുഭാഗത്തുനിന്നുമായി 300 മീറ്റര്‍ പൂര്‍ത്തിയാക്കി. രണ്ട് ബൂമര്‍ യന്ത്രം ഉപയോഗിച്ചാണ് തുരക്കല്‍ നടക്കുന്നത്. ഖനനത്തിന് നിയന്ത്രണമുള്ളതിനാല്‍ രാത്രിയില്‍ കല്ല് പുറത്തേക്ക് മാറ്റുന്നതുള്‍പ്പെടെ കുറച്ചു ജോലികള്‍ മാത്രമേ നടക്കുന്നുള്ളൂ. കഴിഞ്ഞ ജൂലൈയിലാണ് ദേശീയപാതയിലെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. ആറ് മാസം പിന്നിടവെ രണ്ട് തുരങ്കത്തില്‍നിന്നുമായി 1100 മീറ്റര്‍ പാറ തുരന്നുമാറ്റിക്കഴിഞ്ഞു. പാറക്കുള്ളില്‍ വെള്ളം ഉറവെടുക്കുന്നതിനാല്‍ ഇരുഭാഗത്തും വലിയ ചാലുകള്‍ താഴ്ത്തിയിട്ടുണ്ട്. പുറമെ പാറപൊട്ടിക്കുന്നതിനാല്‍ ഇവിടെ പൊടിശല്യമുണ്ടാകുന്നുണ്ട്. ഇടക്കിടെ വെള്ളം നനച്ചുകൊടുത്താണ് ഇത് പരിഹരിക്കുന്നത്. അതേസമയം, ദേശീയപാതയുടെ നിര്‍മാണ കാലാവധി പൂര്‍ത്തിയാക്കണമെന്ന് നിഷ്കര്‍ഷിച്ച അടുത്ത മാര്‍ച്ചില്‍ തുരങ്കത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാകില്ല. 10 അടി ഉയരമുള്ള തുരങ്കത്തില്‍ ഇനി മൂന്നടിയോളം നിലവിലെ തറനിരപ്പില്‍നിന്ന് പാറ പൊട്ടിച്ച് മാറ്റണം. ഖനനം പൂര്‍ത്തിയാക്കിയാലും ഗതാഗതത്തിന് തുറന്നുകൊടുക്കണമെങ്കില്‍ ഇതിനുള്ളില്‍ മുകളിലും അരികുകളിലും കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കണം. ടണലിന്‍െറ നിലവിലെ ആകൃതിയില്‍ കോണ്‍ക്രീറ്റ് സ്ളാബുകള്‍ നിര്‍മിച്ച് യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവ ഘടിപ്പിക്കുകയാണ് ചെയ്യുക. പാറതുരക്കല്‍ കഴിഞ്ഞശേഷം നാല് മീറ്റര്‍ താഴ്ചയില്‍നിന്ന് കോണ്‍ക്രീറ്റ് ബീമുകള്‍ ഉയര്‍ത്തും. പ്രഗതി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. 250ഓളം തൊഴിലാളികള്‍ തുരങ്കനിര്‍മാണത്തിന് മാത്രമായി ജോലിയെടുക്കുന്നുണ്ട്. തുരങ്കത്തിലേക്ക് പ്രവേശിക്കാനുള്ള മേല്‍പാലത്തിന്‍െറ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. കെ.എം.സിക്കാണ് ഇതിന്‍െറ ചുമതല. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്. പീച്ചി റിസര്‍വോയറിന് മുകളിലൂടെയാണ് മേല്‍പാലം നിര്‍മിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.