വന്ധ്യംകരണം പുരോഗമിക്കുമ്പോഴും പേപ്പട്ടി ഭീതിയില്‍ ജനം

പാലക്കാട്: വന്ധ്യംകരണ പദ്ധതി പുരോഗമിക്കുമ്പോഴും ജില്ലയില്‍ തെരുവുനായ്ക്കളുടെ പരാക്രമത്തിന് കുറവില്ല. കുഴല്‍മന്ദത്ത് തിങ്കളാഴ്ച നായയുടെ പരാക്രമണമുണ്ടായി. ഇന്നലെമാത്രം ജില്ലാ ആശുപത്രിയില്‍ 13 പേര്‍ക്ക് പേപ്പട്ടി വിഷബാധക്കെതിരെ പ്രതിരോധ വാക്സിന്‍ നല്‍കി. ഞായറാഴ്ച പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ ഭ്രാന്തന്‍ നായയാണ് അക്രമം വിതച്ചതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. എട്ടുപേര്‍ക്കാണ് കടിയേറ്റത്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. പുതുപ്പള്ളിത്തെരുവില്‍ നായയുടെ ആക്രമത്തിന് ഇരയായവര്‍ സുഖം പ്രാപിച്ചുവരുന്നു. ഒരാള്‍ ഒഴിച്ചുള്ളവര്‍ ജില്ലാ ആശുപത്രി വിട്ടു. ഒറ്റപ്പാലത്തും മുടപ്പല്ലൂരിലും ചിറ്റിലഞ്ചേരിയിലും കഴിഞ്ഞദിവസങ്ങളില്‍ തെരുവുനായയുടെ പരാക്രമം ഉണ്ടായിരുന്നു. വിദ്യാര്‍ഥികളാണ് ഭ്രാന്തന്‍ നായയുടെ അക്രമത്തിന് ഇരയായതില്‍ കൂടുതലും. ലക്കിടിയിലും പത്തിരിപ്പാലയിലും പാലക്കാട് ചടനാംകുറുശ്ശിയിലും വളര്‍ത്തുമൃഗങ്ങളെ നായ ആക്രമിച്ചിരുന്നു. അറവുമാലിന്യവും മറ്റും തുറസ്സായ സ്ഥലങ്ങളിലും റോഡരികിലും തള്ളുന്നതാണ് നായശല്യം രൂക്ഷമാവാന്‍ കാരണം. ഇരുചക്ര വാഹനങ്ങള്‍ക്കുനേരെ നായകള്‍ കൂട്ടത്തോടെ കുരച്ച് എത്തുന്നതും നായ കുറുകെ ചാടി ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും ജില്ലയില്‍ ഒറ്റപ്പെട്ട സംഭവമല്ല. നായ്ക്കളുടെ പ്രജനനകാലമായ കന്നിമാസം അടുത്ത് എത്തിയിട്ടുണ്ട്. പ്രജനന നിയന്ത്രണം അത്രവേഗം നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷവും ഇവയുടെ വംശവര്‍ധന ഉണ്ടാവും. ജില്ലയില്‍ പ്രതിദിനം അമ്പതോളം പേര്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ജില്ലയില്‍ പ്രജനന നിയന്ത്രണ പദ്ധതിക്ക് തുടക്കംകുറിച്ചതാണ് ഏക ആശ്വാസം. പേവിഷ ബാധക്ക് എതിരെയുള്ള ആന്‍റി റാബിസ് സിറം ജില്ലാ ആശുപത്രിയില്‍ സ്റ്റോക്ക് ഉണ്ടെങ്കിലും ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ക്ക് ഇവ ലഭിക്കണമെങ്കില്‍ 700 രൂപ കെട്ടിവെക്കണം. പട്ടിയുടെ കടിയേറ്റ് എത്തുന്നവര്‍ പണം കണ്ടത്തൊനാവാതെ വിഷമിക്കുന്ന സാഹചര്യമുണ്ട്. സര്‍ക്കാര്‍തലത്തില്‍ ലഭ്യമാകാന്‍ കാലതാമസമെടുക്കുന്നതിനാല്‍ ആശുപത്രി വികസന സമിതി ഫണ്ടിലാണ് വാക്സില്‍ വാങ്ങുന്നത്. ഇതുമൂലമാണ് തുക കെട്ടിവെക്കേണ്ടിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.