പരാശ്രയം തേടി ‘ആശ്രയ’ പദ്ധതി

കുഴല്‍മന്ദം: ആരംഭിച്ചിട്ട് വര്‍ഷം പതിനാലായിട്ടും ലക്ഷ്യം കാണാതെ ഉഴറുകയാണ് ആശ്രയ പദ്ധതി. പഞ്ചായത്ത് ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ താല്‍പര്യത്തിന് അനുസരിച്ച് ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും നടക്കുന്നതോടെയാണ് പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റില്‍നിന്ന് അര്‍ഹരായവര്‍ പുറത്തായത്. 11ാം പഞ്ചവത്സര പദ്ധതിയില്‍ ആരംഭിച്ച ആശ്രയ പദ്ധതി 12ാം പദ്ധതി പകുതിയായിട്ടും എങ്ങുമത്തെിയിട്ടില്ല. 2001ല്‍ 179 ഗ്രാമപഞ്ചായത്തുകളിലായിട്ടാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തുള്ള മുഴുവന്‍ അഗതികളെയും കണ്ടത്തെി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. അടിസ്ഥാന അവകാശങ്ങള്‍ നിക്ഷേധിക്കപ്പെട്ട നിരാലംബരും നിരാശ്രയരും സമൂഹത്തില്‍ നിന്നുപോലും ഒറ്റപ്പെട്ട ഒരു വിഭാഗത്തെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും പുനരധിവസിപ്പിക്കുകയുമാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍, പദ്ധതി ആരംഭിച്ച് 14 വര്‍ഷം പിന്നിട്ടും യഥാര്‍ഥ അഗതികളില്‍ ഭൂരിഭാഗവും ഇപ്പോഴും പദ്ധതിക്ക് പുറത്താണ്. സംസ്ഥാനത്തെ 890 പഞ്ചായത്തുകളും 32 നഗരസഭകളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും നിരവധി മനുഷ്യരാണ് തലചായ്ക്കാന്‍ ഒരിടമില്ലാതെ അലയുന്നത്. ഇത്തരം അഗതി കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, പെന്‍ഷന്‍, വിദ്യാഭ്യാസം, ഭൂമി, കുടിവെള്ളം, ശുചിത്വസൗകര്യങ്ങള്‍, തൊഴില്‍, മാനസികാരോഗ്യത്തിനുതകുന്ന വിധത്തിലുള്ള കൗണ്‍സലിങ് തുടങ്ങി സമസ്ത പ്രശനങ്ങള്‍ക്കും പരിഹാരം നല്‍കി അവരെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യം. അതുകൊണ്ടുതന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ‘ആശ്രയ’ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ അയല്‍ക്കൂട്ട സര്‍വേയിലൂടെയാണ് ഇത്തരക്കാരെ കണ്ടത്തെുന്നത്. എന്നാല്‍, അതത് കാലത്തെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ഭരണകര്‍ത്താക്കളുടെ തെറ്റായ ഇടപെടല്‍ പദ്ധതിയെ വികലമാക്കി. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അര്‍ഹരായവര്‍ ലിസ്റ്റിന് പുറത്താവുകയും ചെയ്ത സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉള്ളത്. 12ാം പദ്ധതി തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അഗതികളും അനാഥരും പദ്ധതിക്ക് പുറത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.