മികച്ച സ്കൂളായി ചെറായി സ്കൂള്‍

പുന്നയൂര്‍ക്കുളം: അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് ജനകീയ ഇടപെടല്‍കൊണ്ട് തിരിച്ചുവന്ന ചെറായി ഗവ. യു.പി സ്കൂളിന് ജില്ലയിലെ മികച്ച യു.പി സ്കൂളിനുള്ള പുരസ്കാരം. മൂന്ന് വര്‍ഷംകൊണ്ട് സ്കൂളിനെ അടിമുടി മാറ്റിയെടുത്ത പി.ടി.എക്കും അധ്യാപകര്‍ക്കുമുള്ള അംഗീകാരം കൂടിയായി ജില്ലാ പി.ടി.എയുടെ അവാര്‍ഡ്. തൃശൂരില്‍ നടന്ന പരിപാടിയില്‍ മന്ത്രി സി. രവീന്ദ്രനാഥില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച അധ്യയന നിലവാരം, സ്മാര്‍ട്ട് ക്ളാസ് റൂം, കലാകായിക പ്രവര്‍ത്തനങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, പി.ടി.എയുടെ സജീവ ഇടപെടല്‍ എന്നിവയാണ് ചെറായി സ്കൂളിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഒന്നാംക്ളാസിലേക്ക് നാല് കുട്ടികള്‍ മാത്രം ചേര്‍ന്നിടത്ത് ഇത്തവണ ചേര്‍ന്നത് 32 കുട്ടികള്‍. കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന കണക്കില്‍ ചാവക്കാട് ഉപജില്ലയില്‍ രണ്ടാം സ്ഥാനമാണ് ചെറായി സ്കൂളിന്. ഉപജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി ചെറായി സ്കൂളിനെ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്തിരുന്നു. മികവ്, ഗണിതമേള, ഇംഗ്ളീഷ് ഫെസ്റ്റ് തുടങ്ങിയവയിലും സ്കൂളിനായിരുന്നു ഒന്നാംസ്ഥാനം. പ്രധാനാധ്യാപിക സി. മിനി, ടി.വി. അബ്ബാസ്, വി. താജുദ്ദീന്‍, എം. റാണാപ്രതാപ്, ബി.കെ. കാര്‍ത്തികേയന്‍, എം. രഘുനാഥ്, ബൈജു, ലിനി എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് സ്കൂളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ സി.എന്‍. ജയദേവന്‍ എം.പി മിനിബസ് അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മാതൃകാ സ്കൂളാക്കി ഉയര്‍ത്താന്‍ അഞ്ചുലക്ഷം വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി. ധനീപ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.