മഞ്ചേരി: അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച പെരിന്തല്‍മണ്ണ ചെറുകരയിലെ ബൈത്തുറഹ്മാ ബനാത്ത് യതീംഖാന അഗതിമന്ദിരം അടച്ചുപൂട്ടിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 11 പെണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിലായിരുന്നു കുട്ടികളെ താമസിപ്പിച്ചിരുന്നത്. കേന്ദ്രത്തിലെ സൗകര്യങ്ങളും അംഗീകാരവും സംബന്ധിച്ച് പലതവണ പരിശോധന നടത്തിയിട്ടുണ്ട്. കട്ടില്‍, മേശ, കസേര തുടങ്ങി പഠനസൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഇല്ലായിരുന്നെന്നും ഒരു വനിതാ വാര്‍ഡനും ഒരു മാനേജറും മാത്രമാണ് സ്ഥാപനം നടത്തിയിരുന്നതെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പ്രാഥമിക സൗകര്യങ്ങളില്ലാത്തതും പ്രവര്‍ത്തനാനുമതി ലഭ്യമാക്കാത്തതുമാണ് യതീംഖാന പൂട്ടിക്കാന്‍ കാരണം. യതീംഖാന അടച്ചുപൂട്ടി കുട്ടികളെ ഏറ്റെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ഷരീഫ് ഉള്ളത്തും അംഗങ്ങളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തത്തെിയെങ്കിലും യതീംഖാന നടത്തിപ്പുകാര്‍ കുട്ടികളെ അവിടെനിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. യതീംഖാന പ്രവര്‍ത്തന രീതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ പൊലീസിനെ ഏല്‍പ്പിച്ചു. സ്ഥാപനത്തിലെ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഏപ്രില്‍ 12ന് രാവിലെ 10.30ന് മുഴുവന്‍ കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കണമെന്ന് കാണിച്ച് യതീംഖാന നടത്തിപ്പുകാര്‍ക്കും ഉത്തരവ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.