പാലക്കാട്: ഗവ. മെഡിക്കല്‍ കോളജ് മൈതാനത്തിന്‍െറ രണ്ടാംഘട്ട വികസനത്തിന് രണ്ട് കോടി രൂപ കൂടി അനുവദിക്കുമെന്ന് വനം, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മെഡിക്കല്‍ കോളജ് മൈതാനത്ത് സിന്തറ്റിക് ട്രാക്കിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ട്രാക്ക് നിര്‍മാണത്തിന് അഞ്ചു കോടി രൂപയാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വിഹിതത്തില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ ഗാലറി ഉള്‍പ്പെടെ അനുബന്ധ വികസനത്തിന് രണ്ടു കോടി നല്‍കും. അന്യസംസ്ഥാനങ്ങളില്‍ കുടിയേറിയ മലയാളി കായിക താരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതി ആവിഷ്കരിക്കും. ദേശീയ സ്കൂള്‍ കായികമേളയിലെ കേരളത്തിന്‍െറ മികവ് എല്ലാ മീറ്റുകളിലും നിലനിര്‍ത്താന്‍ ഇത്മൂലം കഴിയും. 2016ലെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പര്യാപ്തമാകും വിധം കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി കായിക താരത്തിന് ഒരു കോടി രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സിന്തറ്റിക് ട്രാക്ക് മെഡിക്കല്‍ കോളജിന്‍െറ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിന്‍െറ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. 300 കോടിയിലധികം ചെലവഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രി മൂന്ന് വര്‍ഷത്തിനകം സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, അര്‍ജുന അവാര്‍ഡ് ജേതാവ് പ്രീജ ശ്രീധരന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ അത്ലറ്റ് കോച്ച് എസ്.എസ്. കൈമള്‍ എന്നിവരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എം.ബി. രാജേഷ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍, നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ സി. കൃഷ്ണ കുമാര്‍, കാംകോ ഡയറക്ടര്‍ എം.എം. ഹമീദ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ലീലാമോഹന്‍, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ടി. ഹരിദാസ്, എസ്. സുബ്ബയ്യ, ടി.ബി. കുലാസ്, ജോബി വി. ചുങ്കത്ത്, ബിജിമോള്‍, നാസര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലെ കായികാധ്യാപകര്‍, ദേശീയ മീറ്റില്‍ മികവു തെളിയിച്ച താരങ്ങള്‍ എന്നിവരെ അഞ്ജു ബോബി ജോര്‍ജും പ്രീജ ശ്രീധരനും ട്രോഫി നല്‍കി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.