ആലപ്പുഴ നഗരസഭയിലേക്കാണ് സ്ഥലംമാറ്റം കുന്നംകുളം: കുന്നംകുളം നഗരസഭയിലെ സി.പി.എം ഭരണസമിതിയോട് ഇടഞ്ഞുകഴിയുന്ന മുനിസിപ്പൽ സെക്രട്ടറി കെ.കെ. മനോജിന് സ്ഥലംമാറ്റം. ആലപ്പുഴ നഗരസഭയിലേക്കാണ് സ്ഥലംമാറ്റം. കളമശ്ശേരി നഗരസഭ സെക്രട്ടറി അനിൽകുമാറാണ് കുന്നംകുളത്തേക്ക് വരുന്നത്. ആറ് വർഷത്തിനുള്ളിൽ അഞ്ചാമത്തെ സ്ഥലത്തേക്കാണ് കെ.കെ. മനോജിന് മാറ്റം ലഭിക്കുന്നത്. സി.പി.എം അനുഭാവിയായ കെ.കെ. മനോജ് കഴിഞ്ഞ ഒരുവർഷമായി സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി സെക്രട്ടറിയുമായി 'അകലം' പാലിച്ചാണ് നീങ്ങുന്നത്. നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ മുന്നിൽനിൽക്കുകയും കഴിഞ്ഞ പ്രളയകാലത്ത് സമീപ ജില്ലകളിൽപോലും സന്നദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയാണ് കെ.കെ. മനോജ്. സെക്രട്ടറിയുമായി ഒരുവർഷമായി ഭരണസമിതി അസ്വാരസ്യത്തിലാണ്. സി.പി.എം കൗൺസിലറുടെ മകൻെറ വിവാഹത്തലേന്നാൾ ഭക്ഷണശാലയിൽ പ്ലാസ്റ്റിക് നിരോധിത ഉൽപന്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എത്തിയത് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ബജറ്റ് അവതരണത്തിൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷത്തിന് കോടതിയിൽ പോകാൻ അവസരം ഉണ്ടാക്കിക്കൊടുത്തത് സെക്രട്ടറിയാണെന്ന ആരോപണവും ഭരണസമിതി ഉയർത്തിയിരുന്നു. ഇതോടെ സി.പി.എം ഏരിയ കമ്മിറ്റി അംഗമായ വൈസ് ചെയർമാന് ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. ഭരണകക്ഷിയിലെ 37ാ വാർഡ് കൗൺസിലർക്കെതിരെ മുനിസിപ്പൽ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത് സി.പി.എമ്മിനുള്ളിൽ ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. പരാതി നൽകിയ സംഭവം സംബന്ധിച്ച് മന്ത്രിയുടെയും കുന്നംകുളത്തെ പാർട്ടിയുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിൻെറയും സാന്നിധ്യത്തിൽ സെക്രട്ടറിയുമായി ചർച്ച നടത്തുകയും ഭിന്നതകൾ പരിഹരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.