സ്​കൂളിൽ വിദ്യാർഥികളെത്തുമെന്ന് അധ്യാപകർ ഉറപ്പാക്കണം -മന്ത്രി സി. രവീന്ദ്രനാഥ്​

തദ്ദേശ സ്ഥാപനങ്ങളുടെ സഹായം ലഭിക്കും തൃശൂർ: ചൊവ്വാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പരീക്ഷാമുന്നൊരുക്കം വിലയിരുത്താൻ വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് അധ്യാപകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളിലും വിദ്യാർഥികളെത്തുമെന്ന് അധ്യാപകർ ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം, ഗതാഗതസൗകര്യം എന്നിവ ഉറപ്പ് വരുത്തേണ്ടത് പ്രധാനാധ്യാപകനാണ്. ഇതിന് സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂൾ ബസുകൾ, പി.ടി.എയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണം. തദ്ദേശഭരണ വകുപ്പ് ഇതിനുള്ള സഹായം നൽകും. രണ്ട് മാസമായി അടഞ്ഞ് കിടക്കുന്ന സ്‌കൂളുകളിലെ പരീക്ഷഹാൾ, ഫർണിച്ചർ എന്നിവയും പരിസരവും 25നകം വൃത്തിയാക്കണം. ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധ സംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്താം. സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി വിദ്യാർഥികളെ തെർമൽ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്ത ശേഷം ഹാളിൽ എത്തിക്കണം. പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടം ചേരാൻ അനുവദിക്കരുത്. വിദ്യാർഥികൾക്ക് മാസ്‌ക് കിട്ടിയെന്നും ശരിയായി ഉപയോഗിക്കുന്നെന്നും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രി തൃശൂരിൽനിന്ന് യോഗത്തിൽ പങ്കാളിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.