ഇ. ഷംസുദ്ദീൻ പെരിന്തൽമണ്ണ: രണ്ടുവർഷത്തെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി തയാറാക്കിയ 'മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതി'ക്ക് ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം വേണ്ടെന്ന് സർക്കാർ. തദ്ദേശസ്ഥാപനങ്ങൾ വാർഷികപദ്ധതി സമർപ്പിക്കുന്നരീതിയിൽ സുലേഖ സോഫ്റ്റ് വെയറിൽ നൽകേണ്ടതില്ലെന്നും അറിയിച്ചു. ഇതിന് എം.പി-എം.എൽ.എ ഫണ്ടുകളും പ്രളയ ദുരിതാശ്വാസ ഫണ്ടും ചെലവിടാൻ സ്വീകരിക്കുന്നരീതി മതിയാകുമെന്ന് കാണിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി. രണ്ടു പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ഗ്രാമീണ റോഡുകൾ ബ്ലോക്ക് പഞ്ചായത്തുകളും ജില്ല പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ളവ ജില്ല പഞ്ചായത്ത് മുഖേനയുമാണ് നിർമിക്കേണ്ടത്. തദ്ദേശവകുപ്പിലെ എൻജിനീയറിങ് വിഭാഗമാണ് മേൽനോട്ടം വഹിക്കുക. എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, തദ്ദേശസ്ഥാപനങ്ങളിലെ എ.ഇ എന്നിവരടങ്ങിയ സമിതി ജില്ലതലത്തിൽ ഗുണനിലവാരം പരിശോധിക്കും. പ്രളയത്തിൽ തകർന്ന റോഡുകളിൽ പുനരുദ്ധാരണം നടക്കാത്തവയിൽ 2011 റോഡുകളുടെ പട്ടിക സർക്കാർ തയാറാക്കിയിട്ടുണ്ട്. 'മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി' (സി.എം.എൽ.ആർ.ആർ.പി) എന്ന പേരിലുള്ള പദ്ധതിക്ക് 961 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 354.59 കോടിയും പിന്നീട് 388.43 കോടിയുമായി രണ്ട് തവണയായാണ് ഭരണാനുമതിയായത്. മേൽനോട്ടത്തിന് പഞ്ചായത്ത്, നഗരസഭതലങ്ങളിൽ ഒരു സമിതിയും ജില്ലതലത്തിൽ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, അതത് തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ എന്നിവരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും രൂപവത്കരിക്കും. തദ്ദേശസ്ഥാപനമാണ് പ്രാദേശികസമിതിക്ക് രൂപംനൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.