മൺപത്രങ്ങളിലേക്ക് മലയാളി മടങ്ങുന്നു... blurb: പാതയോരങ്ങളിൽ കളിമൺ പാത്രക്കച്ചവടം പെരുകുന്നു ഒറ്റപ്പാലം: പരമ്പരാഗത കളിമൺ പാത്ര നിർമാണ മേഖല തകരുമ്പോഴും പാതയോരങ്ങൾ കേന്ദ്രീകരിച്ച് മൺ പാത്രക്കച്ചവടക്കാർ പെരുകുന്നു. മൺപാത്രങ്ങളിലേക്കുള്ള മലയാളിയുടെ മടക്കയാത്രയുടെ ദിശാസൂചികയായാണിത് വിലയിരുത്തപ്പെടുന്നത്. കളിമണ്ണി​െൻറ ലഭ്യതയും മണ്ണെടുക്കുന്നതിലെ നിയമക്കുരുക്കും അമിത ചെലവും മറ്റുമാണ് മൺപാത്ര നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്നവരെ ഇതര തൊഴിൽ മേഖലകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത്. തൊഴിലടിസ്ഥാനത്തിൽ പത്തും മുപ്പതും കുടുംബങ്ങൾ പാർത്തിരുന്ന കോളനികൾ ഇല്ലാതായതോടെ കൂട്ടായ്മ നഷ്ടമായി. മൺ പാത്രനിർമാണവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്ന കുംഭാര സമുദായത്തിലെ പുതിയ തലമുറ കുലത്തൊഴിലിൻെറ ചുറ്റുവട്ടത്തിൽ ഒതുങ്ങാതായി. കളിമൺ പാത്ര നിർമാണം മാത്രം വശമുള്ള ഒരു ന്യുനപക്ഷമാണ് മേഖലയിൽ തുടരുന്നത്. ദൂരദിക്കുകളിൽ നിന്ന് മൺ പാത്രങ്ങൾ വാഹനങ്ങളിലെത്തിച്ച് പാതയോരം വിൽപന കേന്ദ്രമാക്കി കച്ചവടം തുടരുകയാണിവർ. ചട്ടിയും തൊട്ടിയും കലവും മുതൽ ടാപ്പ് ഘടിപ്പിച്ച വാട്ടർ പോട്ട് വരെ ഇവരുടെ വിൽപന കേന്ദ്രത്തിലുണ്ട്. 50 രൂപയിൽ തുടങ്ങി 250ഉം 300 ഉം രൂപ വരെ വിലനിലവാരമുള്ള ഉൽപ്പന്നങ്ങളുണ്ടിതിൽ. ലോഹപാത്രങ്ങളിലേക്ക് പാചകം മാറിയതാണ് അർബുദം പോലുള്ള മഹാരോഗങ്ങൾക്ക് കാരണമാകുന്നതെന്ന വിദഗ്ധരുൾപ്പടെയുള്ളവരുടെ പ്രചാരണം ഇവരുടെ കച്ചവടത്തിന് അനുഗ്രഹമാകുന്നുമുണ്ട്. വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുള്ള സ്ഥലങ്ങളിലാണ് ഇവരുടെ കച്ചവടം. തൃശ്ശൂരിൽനിന്നാണ് ഒറ്റപ്പാലത്തും പരിസരത്തും മൺ പാത്രങ്ങൾ വിൽപനക്ക് കൊണ്ടുവരുന്നതെന്ന് പാലപ്പുറം ചിനക്കത്തൂർ കാവ് മൈതാനിയിലെ ആൽത്തറ കേന്ദ്രമാക്കി കച്ചവടം നടത്തുന്ന പ്രദേശവാസി ചിന്നമ്മു (60 ) പറയുന്നു. ബാല്യത്തിൽ തുടങ്ങിയതാണ് മൺപാത്രങ്ങളുമായുള്ള ഇവരുടെ ചങ്ങാത്തം. സ്വന്തം വീട്ടിലും ഭർതൃ വീട്ടിലും മൺപാത്ര നിർമാണം നിലച്ചതോടെയാണ് പാത്രങ്ങൾ കൊണ്ടുവന്ന് വിൽപ്പന ആരംഭിച്ചതെന്നും ചിന്നമ്മു പറയുന്നു . പടം: പാലപ്പുറം ചിനക്കത്തൂർ കാവ് മൈതാനിയിലെ ആൽത്തറ കേന്ദ്രമാക്കി മൺപാത്ര കച്ചവടം നടത്തുന്ന ചിന്നമ്മു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.