മഞ്ചേരി: നഗരത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ അടിച്ചുകൊന്നു. തുറക്കൽ ബൈപാസിലാണ് നായ്ക്കളെ നാട്ടുകാർ അടിച്ചുകൊന്നത്. ചത്ത നായ്ക്കളെ നഗരസഭയുടെ വാഹനത്തിൽ മാറ്റുന്ന ദൃശ്യം പുറത്തുവന്നു. ഇവയെ മറ്റൊരിടത്ത് കുഴിച്ചിട്ടതായി വിവരമുണ്ട്. നേരേത്ത തുറക്കൽ ബൈപാസിൽ നായ്ക്കൾ കൂട്ടത്തോടെ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തിരുന്നു. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതോടെ, നാട്ടുകാർ സംഘടിച്ച് അടിച്ചുകൊന്നതാണെന്നാണ് സൂചന. എന്നാൽ, അടിച്ചുകൊന്നവയിൽ വന്ധ‍്യംകരണം ചെയ്തവയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ജില്ലയിൽ വന്ധ‍്യംകരണത്തിന് നേതൃത്വം നൽകിയ ഹ്യൂമെയിൻ സൊസൈറ്റി ഇൻറർനാഷനൽ ഇന്ത്യ രംഗത്തെത്തി. വന്ധ‍്യംകരണം ചെയ്തത് തിരിച്ചറിയാൻ സംഘടന ചെവിയിൽ ചെറിയ അടയാളം രേഖപ്പെടുത്താറുണ്ട്. ഇവക്ക് ചിലതിൽ അടയാളമുള്ളതായി അവർ പറഞ്ഞു. ഇത്തരത്തിൽ നായ്ക്കളെ അടിച്ചുകൊന്നാൽ മറ്റുള്ള നായ്ക്കൾ കൂടുതൽ അക്രമകാരികളാകുമെന്നും ഇത് നാട്ടുകാർക്കുതന്നെ ദോഷമാകുമെന്നും അവർ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിൻെറയും ജില്ല പഞ്ചായത്തിൻെറയും എ.ബി.സി പദ്ധതിയുടെ ഭാഗമായി ഹ്യൂമെയിൻ സൊസൈറ്റി മഞ്ചേരിയിലും നായ്ക്കളെ പിടിച്ച് വന്ധ‍്യംകരണം നടത്തുകയും പേ വരാതിരിക്കാൻ കുത്തിവെപ്പെടുക്കുകയും ചെയ്തിരുന്നു. ഒരു മാസത്തോളം വിവിധ ഭാഗങ്ങളിൽനിന്നായി 300ഓളം നായ്ക്കളെ വന്ധ‍്യംകരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ മഞ്ചേരി പൊലീസിന് പരാതി നൽകുമെന്ന് ഹ്യൂമെയിൻ സൊസൈറ്റി കോഓഡിനേറ്റർ സാലി വർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.