മഞ്ചേരി: ഡാറ്റ ബാങ്കിലെ തെറ്റ് തിരുത്താൻ സമർപ്പിച്ച അപേക്ഷകൾ കൂട്ടത്തോടെ പ്രാദേശിക നിരീക്ഷണ സമിതി ലിസ്റ്റിൽനിന്ന് നീക്കാൻ ശിപാർശ ചെയ്ത സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയൽ മണ്ണിട്ട് നികത്താനും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് നൽകിയ സംഭവത്തിലും നഗരസഭയുടെയും ഉദ്യോഗസ്ഥരുടെയും പങ്കും അന്വേഷിക്കണം. വിജിലൻസിന് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. പ്രാദേശിക നിരീക്ഷണ സമിതി ഇല്ലാത്ത അധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാൻ നേതൃത്വം നൽകിയ സമിതി ചെയർമാൻ കൂടിയായ നഗരസഭ െചയർപേഴ്സൻ അധികാര ദുർവിനിയോഗവും അഴിമതി പ്രവൃത്തിയും സത്യപ്രതിജ്ഞ ലംഘനവും നടത്തി. ചെയർപേഴ്സനെ അയോഗ്യയാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. നഗരസഭ ഭരണനേതൃത്വം ഹൈകോടതിയിലെ കേസുകളിൽ ഒത്തുകളിച്ചും കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചുമാണ് കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. നിലം നികത്താൻ കൗൺസിലർമാർ സൻെറിന് 10,000 മുതൽ 40,000 രൂപ വരെ വാങ്ങിയാണ് അനുമതി നൽകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നു. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം അസൈൻ കാരാട്ട്, പി. ഉബൈദ്, ലോക്കൽ സെക്രട്ടറി വി. അജിത് കുമാർ, പൂന്തല അഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.