പൊലീസിൽ 772 ക്രിമിനലുകളെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 772 പേരെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ പേ രിലുള്ള ക്രിമിനല്‍ കേസുകള്‍ അവസാനിക്കുന്ന മുറക്ക് പൊലീസ് ആസ്ഥാനത്ത് തയാറാക്കിയ പുതിയ പട്ടികപ്രകാരമുള്ള കണക്കാണിത്. ഇതില്‍ എട്ടുപേര്‍ വനിതകളാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ കൂടുതലുള്ളത് തിരുവനന്തപുരം റൂറലിലാണ്- 110 പേര്‍. കുറവ് വയനാട്ടിലാണ്- 11 പേര്‍. ഡിവൈ.എസ്.പി റാങ്ക് മുതല്‍ സിവിൽ പൊലീസ് ഓഫിസര്‍വരെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ഞൂറിലധികം പേര്‍ സിവിൽ പൊലീസ് ഓഫിസര്‍മാരാണ്. കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളോട് മോശമായി പെരുമാറിയവരും ലൈംഗികപീഡനക്കേസ്, കസ്റ്റഡി മരണക്കേസ്, അടിപിടിക്കേസ്, സ്ത്രീധനക്കേസ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരും പട്ടികയിലുണ്ട്. തിരുവനന്തപുരം സിറ്റി (84), തിരുവനന്തപുരം റൂറല്‍ (110), കൊല്ലം (48), കൊല്ലം റൂറല്‍ (42), പത്തനംതിട്ട (35), ആലപ്പുഴ (64), കോട്ടയം (42), ഇടുക്കി (26), എറണാകുളം (50), എറണാകുളം റൂറല്‍ (40), തൃശൂര്‍ (36), തൃശൂര്‍ റൂറല്‍ (30), പാലക്കാട് (48), മലപ്പുറം (37), കോഴിക്കോട് (18), കോഴിക്കോട് റൂറല്‍ (16), വയനാട് (11), കണ്ണൂര്‍ (18), കാസർകോട് (17) എന്നിങ്ങനെയാണ് പുതിയ പട്ടികപ്രകാരമുള്ള പൊലീസിലെ 'ക്രിമിനലുകൾ'. നേരത്തേ സംസ്ഥാന പൊലീസിൽ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ നടപടികൾ നേരിടുന്നതായാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.