കൊണ്ടോട്ടി: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മുതുവല്ലൂർ പഞ്ചായത്തിലെ മാനീരി കോളനി, കൊണ്ടോട്ടി നഗരസഭയിലെ കോട്ടാശ്ശേരി കോളനി എന്നിവടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഉടനെ പൂർത്തീകരിക്കാൻ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഓരോ കോടി രൂപ വീതമാണ് ഇരു കോളനിക്കുമായി ലഭിച്ചത്. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച പദ്ധതിയാണിത്. പദ്ധതിയിൽ കൊണ്ടോട്ടി മണ്ഡലത്തിൽ ഈ രണ്ടു കോളനികളെയാണ് തിരഞ്ഞെടുത്തത്. മാനീരി കോളനിയിൽ പദ്ധതിയിൽ രണ്ട് റോഡുകളുടെ നിർമാണ പ്രവർത്തനമാണ് നടക്കുന്നത്. പന്ത്രണ്ടാംകോണി-തേനകാപ്പ് ശ്മശാനം റോഡ് 214 മീറ്ററിലും കരിങ്ങാത്തൊടി-മുണ്ടക്കുളം റോഡ് 212 കിലോമീറ്ററിലുമാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. രണ്ട് റോഡുകളുടെയും നിർമാണ പ്രവർത്തനം ഇഴഞ്ഞാണ് നീങ്ങുന്നത്. കരിങ്ങാത്തൊടി റോഡിൽ മഴക്ക് മുമ്പ് കോറി വേസ്റ്റ് ഇട്ടിരുന്നെങ്കിലും അതെല്ലാം ഒലിച്ച് പോയി. കരിങ്കല്ലുകൊണ്ട് പാർശ്വ ഭാഗങ്ങൾ കെട്ടിയാണ് സംരക്ഷിക്കുന്നത്. ഇത് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇരു റോഡുകളുടെയും നിർമാണ പ്രവർത്തനം മൂന്നു മാസംകൊണ്ട് പൂർത്തിയാക്കാനാണ് നിർദേശം. കൊണ്ടോട്ടി നഗരസഭയിലെ കോട്ടാശ്ശേരി കോളനിയിൽ പദ്ധതി പ്രകാരമുള്ള ഒരു നിർമാണ പ്രവർത്തനവും ആരംഭിച്ചിട്ടില്ല. ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ മൂന്നു തവണ ടെൻഡർ വിളിച്ചതാണ്. എന്നാൽ നിർമാണം ഏറ്റെടുക്കാൻ ആരും എത്തിയില്ല. സിഡ്കോയാണ് നിർമാണ ഏജൻസി. കോട്ടാശ്ശേരി കോളനിയിലെ നിർമാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് ആദ്യവാരത്തിൽ കരാർ െവക്കാനും തീരുമാനമായി. ആറു മാസംകൊണ്ട് നിർമാണ പ്രവർത്തനം പൂർത്തിയാക്കാനാണ് നിർദേശം. യോഗത്തിൽ പട്ടികജാതി വികസന ഓഫിസർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.