ഫുട്പാത്തില്ല; മങ്കട ടൗണില്‍ കാല്‍നട യാത്ര ദുഷ്‌കരം

സ്ലാബുകള്‍ പഴകിയതും തകര്‍ന്നതുമായ അവസ്ഥയിലാണ് മങ്കട: വാഹനത്തിരക്കേറിയതും റോഡ് വീതികുറഞ്ഞതുമായ മങ്കട ടൗണിലൂ ടെയുള്ള കാല്‍നട യാത്ര അപകട ഭീഷണിയാകുന്നു. ടൗണില്‍ റോഡരികിലെ ഓടക്ക് മുകളില്‍ പലഭാഗത്തും സ്ലാബുകള്‍ ഇല്ല. വ്യാപാര സ്ഥാപനങ്ങള്‍ അവരുടെ ആവശ്യാർഥം ഇട്ട സ്ലാബുകള്‍ പഴകിയതും തകര്‍ന്നതുമായ അവസ്ഥയിലാണ്. ഇവ പലതും ദുര്‍ബലമാണ്. കഴിഞ്ഞദിവസങ്ങളിലായി പല സ്ലാബുകളും തകര്‍ന്നു. ഫലത്തില്‍ കാല്‍നടയാത്രക്കാര്‍ തിരക്കേറിയ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മങ്കട ഗവ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ, എല്‍.പി സ്‌കൂള്‍, സ്വകാര്യ പാരലല്‍ കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ധാരാളം വിദ്യാർഥികള്‍ കാല്‍നടയായി പോകുന്ന ഭാഗമാണിത്. സുരക്ഷിതമല്ലാത്ത സ്ലാബിലൂടെ നടന്ന് കഴിഞ്ഞ മഴക്കാലത്ത് വിദ്യാർഥികള്‍ ഓടയില്‍ വീണ് പരിക്കേറ്റ സംഭവവും ഉണ്ടായി. മേലെ അങ്ങാടി മുതല്‍ താഴെ സ്‌കൂള്‍ പരിസരംവരെ സുരക്ഷിത നടപ്പാത ഒരുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കഴിഞ്ഞവര്‍ഷം പൊതുമരാമത്ത് വകുപ്പ് ഓടകള്‍ പുനര്‍നിര്‍മിച്ചെങ്കിലും സ്ലാബുകള്‍ ഇട്ടിട്ടില്ല. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും മാര്‍ഗരേഖകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ചിത്രം: Mankada Town: തിരക്കേറിയ മങ്കട ടൗണിലെ കാല്‍നടയാത്ര Mankada Town
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.