ബാബരി മസ്ജിദ്: കോണ്‍ഗ്രസ്​, ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണം -എസ്.ഡി.പി.ഐ

കൊണ്ടോട്ടി: അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി പി. അബ്ദുല്‍ മജീദ് ഫൈസി. കൊണ്ടോട്ടിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് അതേ സ്ഥാനത്ത് പുനര്‍നിര്‍മിച്ച് യഥാര്‍ഥ അവകാശികള്‍ക്ക് കൈമാറണം. കോടതിവിധി വരുന്നത് വരെ ആരാധനകര്‍മങ്ങള്‍ നിര്‍ത്തി വെപ്പിക്കണം. അത് ചെയ്യുമെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാണിക്കണം. ഫാഷിസ്റ്റുകളെ ചെറുക്കാന്‍ ആസൂത്രിത പദ്ധതികള്‍ക്ക് പകരം മൃദുഹിന്ദുത്വത്തെ താലോലിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. വയനാട്ടില്‍ രാഹുലിനെ കൊണ്ടുവന്നതിൻെറ മേനി പറയുന്ന ലീഗ് അദ്ദേഹത്തെ തിരുവനന്തപുരത്തായിരുന്നു മത്സരിപ്പിക്കേണ്ടിയിരുന്നത്. എങ്കില്‍ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനും ബി.ജെ.പിയുടെ സാധ്യതകൾ ഇല്ലാതാക്കാനും സാധിക്കുമായിരുന്നു. എസ്.ഡി.പി.ഐ മത്സരിക്കാത്ത സ്ഥലങ്ങളില്‍ വിജയസാധ്യതയുള്ള മതേതരസ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. സി.എച്ച്. അഷ്റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സജീര്‍ മങ്കട, അഷ്റഫ് ഒളവട്ടൂര്‍, ഖാദര്‍ ബിച്ചാവ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.