പെരിന്തൽമണ്ണ: പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണക്ക് സമീപം മേലേ പൂപ്പലത്ത് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ് ഇല്ലാത്തത് ദീർഘദൂര യാത്രക്കാരെ വലക്കുന്നു. ശിഹാബ് തങ്ങൾ മെമോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, നൂരിയ യതീംഖാന, നൂരിയ ഇസ്ലാമിക് ആർട്സ് ആൻഡ് സയൻസ് വിമൺസ് കോളജ്, മാധ്യമം മലപ്പുറം എഡിഷൻ ഒാഫിസ് കേന്ദ്രം, അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ്, ദാറുൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുള്ള സ്റ്റോപ്പാണിത്. സ്റ്റോപ്പില്ലാത്തതിനാൽ പൂപ്പലത്ത് ഇറങ്ങേണ്ടവർ പെരിന്തൽമണ്ണ സ്റ്റാൻഡിൽ ഇറങ്ങണം. നിലമ്പൂർ, കാളികാവ് ഭാഗത്തുനിന്ന് വരുന്നവർ പട്ടിക്കാട് ചുങ്കത്ത് ഇറങ്ങി സ്വകാര്യബസിൽ മാറിക്കയറണം. പത്രസ്ഥാപനത്തിൽ ജോലിചെയ്യുന്നവരും കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താത്തതിനാൽ കഷ്ടപ്പെടുകയാണ്. ഇത് സ്ഥിരം യാത്രക്കാർക്ക് സമയനഷ്ടവും അമിതചെലവിനും ഇടയാക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ, ഫാസ്റ്റ് ഫാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ് തുടങ്ങിയ ദീർഘദൂര ബസുകൾ മേലേ പൂപ്പലം വഴിയാണ് കടന്നുപോകുന്നത്. മേലേ പൂപ്പലത്ത് എല്ലാവിഭാഗം കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്റ്റോപ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാധ്യമം റിക്രിയേഷൻ ക്ലബ് പ്രവർത്തകർ നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.