കരുവാരകുണ്ട്: ദുരിതങ്ങളുടെ മൺതറയിൽ അന്തിയുറങ്ങിയിരുന്ന ആദിവാസി കുടുംബത്തിന് നന്മയുടെ കുടിലൊരുക്കി സാമൂഹിക മാധ്യമ കൂട്ടായ്മ. മഴയും വെയിലുമേറ്റ് ദ്രവിച്ചു തീർന്ന പ്ലാസ്റ്റിക് കൂരയിൽ കഴിഞ്ഞിരുന്ന ആദിവാസി കുമാരെൻറ കുടുംബത്തിനാണ് റെയിൻബോ ഫ്രണ്ട്സ് ഫേസ്ബുക്ക് കൂട്ടായ്മ താൽക്കാലിക വീട് പണിതത്. വീട്ടിക്കുന്ന് മേലേ നെല്ലിക്കല്ലടി ആദിവാസി കോളനിയിലാണ് കുമാരെൻറ കുടുംബം താമസിക്കുന്നത്. മകൻ രാജനും ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന എട്ടംഗ കുടുംബം നിവർന്നു കിടക്കാൻ പോലും ഇടമില്ലാത്ത ഒറ്റമുറിച്ചാളയിലാണ് കഴിഞ്ഞിരുന്നത്. കുമാരെൻറ നിത്യരോഗിയായ ഭാര്യ കല്യാണി ഈയിടെയാണ് മരിച്ചത്. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിലായിയുന്നു ഇവർ. ക്യാമ്പിൽ വെച്ച് കുടുംബത്തെ പരിചയപ്പെട്ട റയിൻബോ ഫ്രണ്ട്സ് പ്രവർത്തകരാണ് ഞായറാഴ്ച കോളനിയിലെത്തി വീട് നിർമിച്ചത്. ഇരുമ്പ് പൈപ്പ്, ഫ്ലക്സ് ഷീറ്റ് എന്നിവയിലാണ് വീടുണ്ടാക്കിയത്. കുടുംബത്തിന് വസ്ത്രം, പുതപ്പുകൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയും നൽകി. കൂട്ടായ്മയുടെ അഡ്മിൻമാരായ ജസീൽ, ഫഹദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കളെത്തിയത്. കരുവാരകുണ്ട് പാലിയേറ്റീവ് കെയർ പ്രവർത്തകരായ പി.എം. മൻസൂർ, യൂസുഫ് കിളിക്കോട്, ഒ.പി. അബൂബക്കർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.