മുഹമ്മദിനും വേണം തലചായ്ക്കാനൊരിടം; ഭവന നിര്‍മാണ സഹായനിധി രൂപവത്കരിച്ചു

കരുളായി: കാലം സമ്മാനിച്ച ദുരിതവുംപേറി ജീവിതം മുന്നോട്ട് തള്ളിനീക്കുമ്പോഴും മുഹമ്മദിന് വേണ്ടത് തലചായ്ക്കാന്‍ ഒരിടമാണ്. ചെറുപ്പത്തില്‍ കാളയുടെ കുത്തേറ്റതാണ് കരുളായി കയനിക്കല്‍ മുഹമ്മദി​െൻറ (63)‍ ജീവിതമാകെ മാറ്റിമറിച്ചത്. നട്ടെല്ലിനേറ്റ ക്ഷതം വലതുഭാഗത്തെ കൈകാലുകളെയും കണ്ണി‍​െൻറ കാഴ്ചശക്തിയെയും ബാധിച്ചു. ഇതോടെ ശയ്യാവലംബിയായ മുഹമ്മദിന് ഏറെ കാലത്തെ ചികിത്സക്ക് ശേഷം ഊന്നുവടിയുടെ സഹായത്തോടെ നടക്കാനായി. ഈ കാലത്തിനിടയില്‍ ഭാര്യയും നാല് പെണ്‍കുട്ടികളും മുഹമ്മദിനെ ഉപേക്ഷിച്ചുപോയി. 85കാരിയായ മാതാവ് പാത്തുമ്മയാണ് ഏക ആശ്രയം. മാതാവ് ഉണ്ടാക്കിനല്‍കുന്ന ഉണ്ണിയപ്പം വിറ്റാണ് മുഹമ്മദ്‌ കുടുംബം പുലർത്തിയിരുന്നത്. ഉമ്മക്ക് പ്രായമായത്തോടെ ഇതും വഴിമുട്ടി. മുൻ മുഖ്യമന്ത്രി ഉമ്മന്‍‌ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുമായി മലപ്പുറത്ത് വന്നപ്പോള്‍ നല്‍കിയ നിവേദന ഫലമായി ലഭിച്ച മുച്ചക്രവാഹനത്തില്‍ വായുഗുളിക വിറ്റുകിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇപ്പോള്‍ ഉപജീവനം. നേരേത്ത, കവലകളിൽ പോയി വില്‍പന നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അതിനും സമ്മതിക്കുന്നില്ല. വാടകവീട്ടിലാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. സര്‍ക്കാറി‍​െൻറ ഭവന പദ്ധതികളിലൊന്നും മുഹമ്മദ്‌ ഉള്‍പ്പെട്ടതുമില്ല. മുഹമ്മദി‍​െൻറ ദുരവസ്ഥയറിഞ്ഞ് ജനകീയ സമിതി രൂപവത്കരിച്ച് വീടുവെക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ ചെയര്‍മാനും മുണ്ടമ്പ്ര സലീം കണ്‍വീനറും ആലുങ്ങല്‍ മുഹമ്മദ്‌ കുട്ടി ട്രഷററുമായി ഭവന നിർമാണ സഹായനിധി രൂപവത്കരിച്ചു. കേരള ഗ്രാമീണ ബാങ്കി‍​െൻറ കരുളായി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40160101073207, IFSC CODE KLGB0040160. ചെയര്‍മാന്‍ ഫോണ്‍: 9447631261.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.