നാളികേരം കൊണ്ടുപോവുന്നത് തടയാൻ പൊലീസ് ശ്രമം മഞ്ചേരി: പാട്ടക്കാലാവധി കഴിഞ്ഞ പന്തല്ലൂർ ദേവസ്വം ഭൂമി തിരികെ ലഭിച്ച ശേഷം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസുവിെൻറ നേതൃത്വത്തിൽ ആദ്യ വിളവെടുപ്പ് നടത്തി. 40 തെങ്ങുകളിൽ നിന്നായി 1096 നാളികേരമാണ് ശനിയാഴ്ച ലഭിച്ചത്. ഇത് പന്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചു. ആഗസ്റ്റ് ഏഴിനാണ് പന്തല്ലൂർ ഭഗവതി ക്ഷേത്രത്തിന് അവകാശപ്പെട്ട 400 ഏക്കറോളം ഭൂമി പാട്ടക്കാരിൽനിന്ന് തിരികെ ലഭിച്ചത്. ഹൈകോടതി വിധിയെ തുടർന്നായിരുന്നു നടപടി. ഇതിൽ 40 ഏക്കറോളം നാളികേര കൃഷിയാണ്. ബാക്കി റബർ അടക്കം വിളകളുണ്ട്. റബർ ടാപ്പിങ് ഉടൻ ആരംഭിക്കും. അതേസമയം, ദേവസ്വം പ്രസിഡൻറിെൻറ നേതൃത്വത്തിൽ എത്തിയ സംഘത്തെ പാണ്ടിക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞത് വിവാദമായി. കോടതി നടപടിയെ തുടർന്ന് ദേവസ്വത്തിന് ചാർത്തിക്കിട്ട ഭൂമിയിൽ പ്രവേശിക്കുന്നതും ആദായമെടുക്കുന്നതും നിയമാനുസൃതമാണെന്നും ആർ.ഡി.ഒയും തഹസിൽദാറുമാണ് വിധി നടപ്പാക്കി ഭൂമി സർവേ നടത്തി ദേവസ്വത്തെ ഏൽപ്പിച്ചതെന്നും ദേവസ്വം അംഗങ്ങൾ പറഞ്ഞു. ഭൂമിയിൽനിന്ന് ലഭിച്ച നാളികേരം കയറ്റി വരികയായിരുന്ന വാഹനമാണ് എസ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞത്. ഇത് കൂട്ടാക്കാതെ ദേവസ്വം അംഗങ്ങൾ നാളികേരം ക്ഷേത്രത്തിൽ എത്തിച്ചു. കോഴിക്കോട് ദേവസ്വം അസി. കമീഷണർ മനോജ്, കാടാമ്പുഴ ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫിസർ ബിജു, ദേവസ്വം അംഗം സി.ടി. രാജു, പന്തല്ലൂർ ഭഗവതി ക്ഷേത്രം ഭാരവാഹികളായ മണികണ്ഠൻ, ബാലകൃഷ്ണൻ തുടങ്ങിയവരും ക്ഷേത്രം വിശ്വാസികളുമാണ് ശനിയാഴ്ച രാവിലെ വിളവെടുപ്പിന് എത്തിയത്. പൊലീസിെൻറ നടപടി തെറ്റായെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. 15 വർഷമായി തുടർന്ന നിയമനടപടികളെ തുടർന്നാണ് ഭൂമി ദേവസ്വത്തിന് ലഭിച്ചത്. ആഗസ്റ്റ് ഏഴിന് പെരിന്തൽമണ്ണ ആർ.ഡി.ഒ അജീഷ് കുന്നത്ത്, ഏറനാട് തഹസിൽദാർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ 45ഒാളം പേരുള്ള റവന്യൂ സംഘം സർവേ നടത്തി മഹസർ തയാറാക്കിയാണ് ഭൂമി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.