ജില്ലയിൽ നിപയില്ല

പാലക്കാട്: നിപ വൈറസ് ബാധ ജില്ലയില്‍ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത. പാലക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്കുള്ള നിപ വൈറസ് ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. സംശയാസ്പദമായി തോന്നിയാല്‍ പ്രത്യേകം കിടത്തുമെങ്കിലും അതു നിപയാകണമെന്നില്ല. കുട്ടികളിലും പ്രായമായവരിലും പനി കൂടിയാല്‍ അപസ്മാരം പോലെ പ്രകടമാവും. അവരെ കൂടുതല്‍ പരിശോധിക്കാനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെയുള്ള മെസേജുകളും ട്രോളുകളും പ്രചരിപ്പിക്കരുതെന്നും ഡോ. റീത്ത ആവശ്യപ്പെട്ടു. വ്യക്തിശുചിത്വം പാലിക്കണം നിപ ആശങ്കയകറ്റാന്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവര്‍ വിശദീകരിച്ചു. വ്യക്തിശുചിത്വം പാലിക്കുകയാണ് പ്രധാനം. പഴവര്‍ഗങ്ങള്‍ തിളപ്പിച്ചാറിയ ഉപ്പുവെള്ളത്തില്‍ ഇട്ടുെവച്ചശേഷം കഴിക്കാം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്തരുത്. ആരോഗ്യ ശുചിത്വ സമിതികള്‍ വാര്‍ഡ് തലത്തില്‍ ചേരണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് പുറമെ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തണം. വയറിളക്കവും ഡെങ്കിപ്പനി ബാധിച്ച മരണങ്ങളും ഉണ്ടാവുന്നുണ്ട്. ഈച്ച കൂടിയതോടെ ടൈഫോയ്ഡ് കേസുകളും വര്‍ധിച്ചു. ഇതൊഴിവാക്കാന്‍ ആരോഗ്യജാഗ്രത പുലര്‍ത്തണം. ശുദ്ധജല ലഭ്യത ഉറപ്പാക്കണം. ഭക്ഷണസാധനങ്ങള്‍ ഈച്ച കടക്കാത്തവിധം മൂടിവെക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച് ഡിസംബര്‍ മുതല്‍ ഇതുവരെ എട്ടുപേരാണ് ജില്ലയില്‍ മരിച്ചത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഗുളിക ലഭ്യമാണെന്നും ചിക്കന്‍പോക്‌സിന് ചികിത്സ തേടണമെന്നും കെ.പി. റീത്ത പറഞ്ഞു. പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് വ്യാപിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടര്‍ ജോജു ഡേവിഡ് പറഞ്ഞു. പെട്ടെന്ന് നശിച്ചുപോകുന്ന വൈറസാണിത്. ഇത് പക്ഷികളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ കോഴിക്ക് അണുബാധ ഉണ്ടാവില്ല. ശരിയായി പാചകം ചെയ്താല്‍ വൈറസ് നശിക്കും. കൊത്തിയ പഴങ്ങള്‍ ഒഴിവാക്കണം. ഈത്തപ്പഴം സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വ്യാജവൈദ്യൻമാർക്ക് ആയുർവേദവുമായി ബന്ധമില്ലെന്ന് ജില്ല ആയുർവേദ ആശുപത്രി എസ്.എം.ഒ ഡോക്ടർ ജയകൃഷ്ണൻ പറഞ്ഞു. ഹോ‍മിയോപതിയിൽ നിലവിൽ നിപക്ക് പ്രതിരോധമരുന്നുകളില്ലെന്ന് ഹോമിയോ ജില്ല ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.