തേഞ്ഞിപ്പലം: റേഷൻ വിതരണത്തിന് സപ്ലൈകോ ഗോഡൗണിലെത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. പള്ളിക്കല്‍ ബസാറിനടുത്ത് കൊടിക്കുത്തി പറമ്പിലെ ഗോഡൗണിലാണ് മോശം അരി ഇറക്കാന്‍ ശ്രമിച്ചത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് കൊണ്ടോട്ടി താലൂക്കിലെ റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ച അരിയിലാണ് സിമൻറ് കട്ടകളും പുഴുക്കളും കണ്ടെത്തിയത്. തിരൂരങ്ങാടി സപ്ലൈകോയിലെ ജീവനക്കാരനും ഗോഡൗണിലെ തൊഴിലാളികളും അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി സപ്ലൈകോ മാനേജര്‍ ജോര്‍ജ് കെ. സാമുവല്‍, ജൂനിയര്‍ മാനേജര്‍ സി.എ. വിനോദ് കുമാര്‍, കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ ഖാനാ ദേവി, ഗോഡൗണ്‍ ഓഫിസര്‍ ഇസ്ഹാഖ് പോത്തഞ്ചേരി എന്നിവര്‍ പരിശോധിച്ചതില്‍ ഗോഡൗണില്‍ എത്തിച്ച മൂന്ന് ലോറിയിലെയും അരി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയക്കുന്നതിനായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മിഥുനയുടെ സാന്നിധ്യത്തില്‍ ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടെയാണ് സിമൻറ് കട്ടകള്‍ക്ക് പുറമേ പുഴുക്കളെയും കണ്ടെത്തിയത്. ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും ഒരു ലോറിയില്‍നിന്ന് പകുതിയോളം അരി ഇറക്കിയിരുന്നു. ഇത് തിരിച്ച് ലോറിയിലേക്ക് കയറ്റാനും മൂന്ന് ലോറികളിലും എത്തിച്ച അരി തിരിച്ചുകൊണ്ടുപോകാനും ഡ്രൈവര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. റേഷന്‍ വിതരണത്തിനായി ഭക്ഷ്യയോഗ്യമല്ലാത്ത അരി ഇറക്കാന്‍ ശ്രമിച്ചതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.