TIR MPTIRMW2 JML mw

സെൻട്രൽ ജങ്ഷൻ ട്രാഫിക് സർക്കിളിലെ പരസ്യബോർഡുകൾ നീക്കാൻ നിർദേശം തിരൂർ: റവന്യൂ, പൊലീസ് അധികൃതരുടെ ഒത്താശയോടെ സെൻട്രൽ ജങ്ഷൻ ട്രാഫിക് സർക്കിളിൽ തുടരുന്ന അനധികൃത പരസ്യ ബോർഡുകൾ ഉടൻ നീക്കണമെന്ന് ജില്ല കലക്ടറുടെ കർശന നിർദേശം. നേരത്തേ രണ്ടുതവണ നൽകിയ ഉത്തരവുകൾ നടപ്പാക്കാതിരുന്നതിനെ രൂക്ഷമായി വിമർശിച്ചാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് പുതിയ നിർദേശം. ട്രാഫിക് സർക്കിളിൽ ലീഗ് സ്ഥാപിച്ച ചന്ദ്രിക ദിനപത്രത്തി‍​െൻറയും സി.പി.എം സ്ഥാപിച്ച ദേശാഭിമാനിയുടേയും പരസ്യങ്ങളാണ് വിവാദത്തിന് അടിസ്ഥാനം. പൊതുപ്രവർത്തകൻ മുണ്ടേക്കാട്ട് ഷാജിയാണ് ഇവക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞവർഷം ഇരുവിഭാഗവും പരസ്യ ബോർഡുകൾ പരസ്പരം നശിപ്പിച്ചതോടെയായിരുന്നു ഇവ വിവാദത്തിലകപ്പെട്ടത്. തുടർന്ന് പൊലീസ് സർക്കിളിൽ പുതിയ ചായം പൂശി പൊലീസ് എന്നെഴുതി. എന്നാൽ, സി.പി.എം പ്രവർത്തകർ പൊലീസിനെ വെല്ലുവിളിച്ച് സർക്കിളിൽ വീണ്ടും ദേശാഭിമാനിയുടെ പരസ്യം എഴുതി. പിന്നീട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ രണ്ട് പരസ്യങ്ങളും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. അതോടെ ചന്ദ്രികയുടെ പുതിയ ബോർഡ് ലീഗ് പ്രവർത്തകർ സ്ഥാപിച്ചു. നേരത്തേ രണ്ടുതവണ കലക്ടർ നൽകിയ നിർദേശം അധികൃതർ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങി അട്ടിമറിക്കുകയായിരുന്നു. കലക്ടറുടെ ഉത്തരവി‍​െൻറ ചുവട് പിടിച്ച് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടന്നെങ്കിലും ബോർഡുകൾ മാറ്റൽ നടന്നില്ല. നിർദേശം ലഭിച്ചാൽ ബോർഡുകൾ മാറ്റാൻ തയാറാണെന്ന് ഇരുപാർട്ടികളും യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു മാസമാണ് സി.പി.എം പ്രതിനിധി യോഗത്തിൽ സമയം ആവശ്യപ്പെട്ടത്. ബോർഡ് തുടരുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്ന് ലീഗ് പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ പാർട്ടികളും പൊലീസ് ഉൾെപ്പടെയുള്ള അധികൃതരും ബോർഡ് നീക്കുന്നതിനോട് യോജിച്ചെങ്കിലും ഇതിനെതിരെ കേസുള്ളതിനാൽ കോടതി വിധിക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് റവന്യൂ വകുപ്പ് ഉന്നതർ നിർദേശം നൽകിയതോടെയാണ് കലക്ടറുടെ നിർദേശം കടലാസിലൊതുങ്ങിയത്. അതോടെ മുണ്ടാക്കാട്ട് ഷാജി വീണ്ടും ജില്ല കലക്ടറെ സമീപിക്കുകയായിരുന്നു. നേരത്തേ ജില്ല മേധാവികളെ സമീപിച്ചിട്ടും നടപടിയുണ്ടാകാതിരുന്നതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതോടെയായിരുന്നു ജില്ല ഭരണകൂടത്തിന് ജീവൻവെച്ചത്. ഇത് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കാറ്റിൽ പറത്തി. നേരത്തേ നൽകിയ നിർദേശം നടപ്പാക്കാതിരുന്നത് ഗുരുതര വീഴ്ചയായി കാണുന്നതായി ജില്ല കലക്ടറുടെ പുതിയ ഉത്തരവിൽ പറയുന്നു. photo tirw circle: തിരൂർ സെൻട്രൽ ജങ്ഷൻ ട്രാഫിക് സർക്കിളിലെ പരസ്യങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.