സ്വപ്നത്തിന് സാക്ഷാത്കാരം; മൂലഗംഗലിലേക്ക് ആനവണ്ടിയെത്തി

അഗളി: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരായ മൂലഗംഗലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചത് ഗോത്ര ജനതയെ ആവേശത്തിലാക്കി. അഗളിയിൽനിന്ന് 40 കിലോമീറ്ററോളം അകലെയുള്ള മൂലഗംഗലിലേക്ക് അടുത്തിടെയാണ് റോഡും വൈദ്യുതിയും എത്തിയത്. വൈദ്യുതി മന്ത്രിയായിരിക്കെ എ.കെ. ബാലൻ ഊരിലെത്തി രാത്രി താമസിച്ചതോടെയാണ് മൂലഗംഗലിന് ശാപമോക്ഷമുണ്ടാകുന്നത്. മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ ഊരിലേക്ക് റോഡും വൈദ്യുതിയും എത്തി. തമിഴ്നാട് അതിർത്തി പങ്കിടുന്ന ഇവിടെ 200ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വാഹനസൗകര്യത്തി‍​െൻറ അപര്യാപ്തതമൂലം രോഗബാധിതരായ ഒട്ടേറെ ആളുകൾ ചികിത്സ ലഭിക്കാതെ മരിച്ച കഥകളും മൂലഗംഗൽ ഊരുവാസികൾക്ക് പറയാനുണ്ട്. ചെങ്കുത്തായ മലമടക്കുകൾ താണ്ടി ഊരുവാസികൾക്ക് മുന്നിൽ ആനവണ്ടി എത്തിയപ്പോൾ വൻ വരവേൽപ്പാണ് ലഭിച്ചത്. ബസിനെ സ്വീകരിച്ച് അവർ പരമ്പരാഗത പൂജാകർമങ്ങളും നടത്തി. വർഷങ്ങളുടെ പഴക്കമുള്ള ബസ് സർവിസ് വേണമെന്ന ആവശ്യത്തിന് ജില്ല ജഡ്ജി കെ.പി. ഇന്ദിരയുടെ ഇടപെടൽ തുണയായിരുന്നു. ആദിവാസി യുവാവ് മധുവി‍​െൻറ കൊലപാതകത്തെ തുടർന്ന് സാമൂഹിക ഓഡിറ്റി‍​െൻറ ഭാഗമായാണ് ജഡ്ജി മൂലഗംഗൽ ഊരിലെത്തിയത്. ജഡ്ജി വിഷയം കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഒന്നരയാഴ്ചക്കകം ബസ് സർവിസ് തുടങ്ങിയത്. മൂന്ന് ട്രിപ്പുകളാണ് ഇവിടെനിന്ന് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആറിന് മൂലഗംഗലിൽനിന്ന് പുറപ്പെടുന്ന വണ്ടി ഷോളയൂർ, വയലൂർ, പെട്ടിക്കൽ, ചിറ്റൂർ, ഗൂളിക്കടവ് വഴി അഗളിയിലെത്തും. കെ.എസ്.ആർ.ടി.സി എ.ടി.ഒ ഉബൈദ്, ഇൻസ്പെക്ടർ ഇൻ ചാർജ് ജോർജ് ജേക്കബ്, ബാലസുബ്രഹ്മണ്യൻ, സുരേഷ്, ജി. ഷാജു എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. അട്ടപ്പാടിയിൽ ഡെങ്കിപ്പനി പടരുന്നു അഗളി: വേനൽമഴ ശക്തമായതോടെ അട്ടപ്പാടിയിൽ ഡെങ്കിപ്പനി പടരുന്നു. ഷോളയൂർ പഞ്ചായത്തിലെ മിനർവ, വെങ്കക്കടവ്വ്, മാറനട്ടി, പെട്ടിക്കൽ എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. തോട്ടം കൃഷി വ്യാപകമായുള്ള ഇവിടങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം കൂടുതലാണ്. കൂടുതൽ പേരിൽ രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ഒന്നരയാഴ്ചക്കിടെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തിയ രോഗികളിൽ ആറുപേർ ഡെങ്കിപ്പനി ബാധിതരാെണന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 20ഓളം ആളുകൾക്ക് രോഗം ബാധിച്ചിട്ടുെണ്ടന്നാണ് അറിയുന്നത്. ഷോളയൂർ പഞ്ചായത്തിലെ മിനർവ മേഖലയിലാണ് ഇവരിലധികവും. കൂടാതെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 30ലധികം പേർ ഇവിടെ നിരീക്ഷണത്തിലാണ്. കടുത്ത ദേഹവേദനയും പനിയുമായാണ് മിക്കവരും ആശുപത്രിയിൽ എത്തുന്നത്. ഇത്തരത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലില്ല. ഡെങ്കിപ്പനി സ്ഥിരീകരിക്കാനുള്ള ഐ.ജി.എം ഡെങ്കി എലിസിയ പരിശോധനയും തുടർന്നുള്ള ചികിത്സയും നിലവിൽ കോട്ടത്തറ സർക്കാർ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാത്രമാണുള്ളത്. എന്നാൽ, പലപ്പോഴും യാത്രാക്ലേശം ഏറെയുള്ള വിദൂര പ്രദേശങ്ങളിലെ ഊരിൽനിന്നുള്ളവർ ശരിയായ ചികിത്സ തേടി ഇവിടെയെത്തുന്നില്ല. അട്ടപ്പാടിയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡെങ്കിപ്പനി രോഗ നിർണയവും തുടർന്നുള്ള ചികിത്സയും വേണമെന്നുള്ള ആവശ്യം പ്രദേശത്ത് ശക്തമാണ്. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും കുടിവെള്ള സംഭരണി ഉൾപ്പെടെയുള്ളവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണമെന്നും കടുത്ത പനി, ശരീര വേദന, ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.