ഒറ്റപ്പാലം: അപ്രതീക്ഷിതമായുണ്ടായ അമിത വൈദ്യുതി പ്രവാഹത്താൽ അമ്പലപ്പാറ പഞ്ചായത്തിലെ പ്ലാപ്പറ്റശേരി ഉണക്കമ്പാറ പ്രദേശത്തെ പത്ത് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. പ്രദേശത്തെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ മോട്ടോർ കത്തിനശിച്ചു. ഞായറാഴ്ച പുലർച്ച 3.30ഒാടെയാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായത്. ഇതേതുടർന്ന് സെക്കൻഡുകൾക്കുള്ളിൽ വീടുകളിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഫാൻ, ബൾബുകൾ എന്നിവ കേടായി. തോട്ടിങ്ങൽ അൻസാരി, കരേക്കാട്ടിൽ ഭാരതി, കാരേക്കാട്ടിൽ ലക്ഷ്മി, പുളിക്കൽ വിജയൻ, മന്തിയിൽ അസീസ്, കുളച്ചാലിൽ മുസ്തഫ, തുപ്രംകുന്നത്ത് വീരാൻകുട്ടി എന്നിവർക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. 25ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ചെട്ടിയാർകുന്ന് കുടിവെള്ള പദ്ധതിയുടെ മോട്ടോറാണ് തകരാറിലായത്. ഉണക്കമ്പാറയിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ തകരാറിലായതാണ് അമിതവൈദ്യുതി പ്രവാഹത്തിന് കാരണമായതെന്ന് അമ്പലപ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് അറിയിച്ചു. അതേസമയം, നാട്ടുകാർക്ക് നഷ്ടപരിഹാരം നൽകാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്ന് 11ാം വാർഡ് മെംബർ കാഞ്ചന സുരേഷ് ആവശ്യപ്പെട്ടു. ട്രാൻസ്ഫോർമറിെൻറ തകരാർ പരിഹരിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.