പാലക്കാട്: സംസ്ഥാനത്തെ ഒമ്പത് ജില്ലകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചെങ്കിലും കേന്ദ്രസർക്കാർ നിർദേശപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ ലക്ഷ്യമിട്ട പ്രയോജനം ലഭിച്ചില്ല. നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ (എൻ.ഡി.ആർ.എഫ്) നിന്ന് ധനസഹായം ലഭിക്കാനുള്ള നടപടികൾ പല ജില്ലകളിലും തുടങ്ങിയിട്ടുപോലുമില്ല. പ്രഖ്യാപനം വന്നിട്ട് ഒന്നര മാസമായിട്ടും വിശദമായ മെമ്മോറാണ്ടത്തിനും അന്തിമരൂപമായില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട്, എറണാകുളം ഒഴികെയുള്ള ജില്ലകൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കുന്ന തീരുമാനം സംസ്ഥാന സർക്കാർ മാർച്ചിലാണ് കൈക്കൊണ്ടത്. എന്നാൽ, ധനസഹായത്തിന് ആദ്യപടിയായി ചെയ്യേണ്ട നടപടിക്രമങ്ങളും 2016 ഡിസംബറിൽ നിലവിൽ വന്ന മാന്വൽ ഫോർ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രകാരം സ്വീകരിക്കേണ്ട നടപടികളും ഇനിയുമായിട്ടില്ല. വരൾച്ചബാധിതമായ ജില്ലയിൽ ആദ്യം പ്രത്യേക കൺട്രോൾ റൂം തുറക്കുകയും നിർദേശിച്ച പ്രകാരം പ്ലാനുകൾ തയാറാക്കുകയും ചെയ്യണം. പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികൾ വിശദീകരിക്കുന്ന കണ്ടിജൻസി പ്ലാനും കെടുതി തരണം ചെയ്യാനുള്ള നടപടികൾ വിശദീകരിക്കുന്ന ക്രൈസിസ് മാനേജ്മെൻറ് പ്ലാനുമാണ് ഇതിൽ പ്രധാനം. എല്ലാ വകുപ്പുകളും ചേർന്നാണ് ഈ പദ്ധതികൾ തയാറാക്കേണ്ടത്. ഇവക്ക് അന്തിമരൂപം നൽകി കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തണമെന്നും മാന്വലിൽ പറഞ്ഞിരുന്നു. ആദ്യപടിയായ യോഗങ്ങൾ പോലും പലയിടത്തും നടന്നില്ല. വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടും മാനദണ്ഡം പൂർത്തിയാക്കി കേന്ദ്രഫണ്ട് നേടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വന്ന വീഴ്ച ഏപ്രിൽ 28ന് ചേർന്ന പാലക്കാട് ജില്ല വികസനസമിതി യോഗത്തിൽ നിശിത വിമർശനത്തിനിടയാക്കിയിരുന്നു. തൃപ്തികരമായ വിശദീകരണം നൽകാൻ പോലും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്. ഉദ്യോഗസ്ഥ ഏകോപനത്തിലൂടെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രഫണ്ട് യഥാസമയം നേടിയെടുക്കുമ്പോഴാണ് ഒമ്പത് ജില്ലകളെ വരൾച്ച പിടികൂടിയിട്ടും സഹായം വാങ്ങാനാകാതെ സംസ്ഥാനം നട്ടം തിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.