നഗരസഭയിൽ 16.59 കോടിയുടെ 200 ഓളം പദ്ധതികൾക്ക് വികസന സെമിനാറിൽ അംഗീകാരം

ഒറ്റപ്പാലം: നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 16. 59 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഇരുനൂറോളം പദ്ധതികൾക്കാണ് തുക നീക്കിവെച്ചത്. 2018 -19 വർഷത്തെ കരട് പദ്ധതിരേഖ അവതരിപ്പിച്ചത് ഏറെ വൈകിയായിരുന്നു. അതുകൊണ്ടു തന്നെ ഗ്രൂപ് ചർച്ചകൾക്ക് വേണ്ടത്ര സമയം ലഭിക്കാത്തതുമൂലം ഏതാനും ഭേദഗതികളോടെയാണ് അംഗീകരിച്ചത്. പൊതുമരാമത്ത് വകുപ്പിൽ റോഡുകളുടെ നിർമാണത്തിനായി 1.72 കോടിയും അറ്റകുറ്റപ്പണികൾക്ക് 1.60 കോടി രൂപയും ഉൽപാദനമേഖലക്ക് 44.54 ലക്ഷവും മാലിന്യ സംസ്കരണ പദ്ധതിക്ക് 6.68 കോടിയും പാർപ്പിട പദ്ധതിക്ക് 1.52 കോടി രൂപയുമാണ് നീക്കിവെച്ചത്. കാർഷികമേഖലയിൽ തടയണ നിർമാണം, ഹരിതവനവത്കരണം, ജൈവകൃഷി എന്നിവക്കായി 85 ലക്ഷവും മൃഗസംരക്ഷണം, ക്ഷീര വികസനം പദ്ധതികൾക്കായി 33.75 ലക്ഷം, ചെറുകിട വ്യവസായ പദ്ധതികൾക്കായി എട്ടര ലക്ഷം, ചേരി പരിഷ്കരണം, ദരിദ്ര നിർമാർജനം എന്നിവക്ക് 43 ലക്ഷം വൃദ്ധർ, കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവരുടെ സാമൂഹികക്ഷേമ പദ്ധതിക്ക് 61 ലക്ഷം വനിത വികസനം പദ്ധതിക്ക് 14 .43 ലക്ഷം, പട്ടികജാതി വികസന പദ്ധതിക്ക് 2.05 കോടി, ആരോഗ്യ മേഖലക്ക് രണ്ടു കോടി, കുടിവെള്ള പദ്ധതിക്ക് 66 ലക്ഷവും നീക്കിവെച്ചു. സെമിനാറിൽ നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.