ക്ലാസ്മുറികൾ ഹൈടെക്​ ആക്കാൻ പൂർവ വിദ്യാർഥികളുടെ സഹായം

ഒറ്റപ്പാലം: കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ്മുറികൾ ഹൈടെക് ആക്കുന്നതിന് നാലര പതിറ്റാണ്ട് മുമ്പ് പടിയിറങ്ങിയ പൂർവ വിദ്യാർഥികളുടെ സഹായ ഹസ്തം. ഇവർ സ്വരൂപിച്ച 80,000 രൂപ ആദ്യപടിയെന്ന നിലയിൽ സ്‌കൂൾ അധികൃതർക്ക് കൈമാറി. 1972-73 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളാണ് തുക നൽകിയത്. ഇവർ കഴിഞ്ഞദിവസം സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമത്തിൽ ക്ലാസുകൾ ഹൈടെക് ആക്കുന്ന കാര്യം സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നു. രണ്ട് ക്ലാസ്മുറികൾ ടൈലിടണമെന്ന നിർദേശത്തോടെയാണ് തുക കൈമാറിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് സി.സി. രാജന് പൂർവ വിദ്യാർഥി പ്രതിനിധികളായ പി. ഗോപിനാഥൻ, ബാലഗോപാലൻ എന്നിവർ തുക കൈമാറി. പി.ടി.എ വൈസ് പ്രസിഡൻറ് ഗിരിജ, എം.പി.ടി.എ പ്രസിഡൻറ് മോഹനകുമാരി, മുൻ പ്രധാനാധ്യാപകൻ കെ. രാമൻകുട്ടി, അധ്യാപകരായ പി.പി. ഹരിദാസ്, പി. ചന്ദ്രഭാനു, കെ.പി. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. ക്ലാസ്മുറികൾ ഹൈടെക് ആക്കുന്നതിന് പൊതുജന സഹായം സ്വീകരിക്കുന്നതി​െൻറ മുന്നോടിയായി അധ്യാപകർ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.