എൽ.പി.ജി പൈപ്പ് ലൈന്‍ സ്ഥാപിക്കൽ: നഷ്​ടപരിഹാരം നല്‍കാതെ സ്ഥലം ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് ഭൂവുടമകള്‍

പാലക്കാട്: പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോവുന്നതിന് 2000ല്‍ ഏറ്റെടുത്ത ഭൂമിയില്‍ നഷ്ടപരിഹാരം നൽകാതെ വീണ്ടും എൽ.പി.ജി പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നീക്കം സമ്മതിക്കില്ലെന്ന് ഭൂവുടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊച്ചിയില്‍നിന്ന് സേലത്തേക്ക് പെട്രോളിയം ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെയാണ് തൃശൂര്‍, പാലക്കാട് ജില്ലയിലെ ഭൂവുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരി, കണ്ണമ്പ്ര, കാവശ്ശേരി, കുഴല്‍മന്ദം, കണ്ണാടി, എലപ്പുള്ളി, എരിമയൂര്‍, കൊടുമ്പ്, മരുതറോഡ്, പുതുശ്ശേരി തുടങ്ങിയ പഞ്ചായത്തുകള്‍ വഴിയാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നത്. നേരത്തേ, സി.സി.കെ പെട്രോനൈറ്റ് എന്ന കമ്പനിക്കുവേണ്ടി ഈ പഞ്ചായത്തുകളില്‍നിന്ന് 18 മീറ്റര്‍ വീതിയില്‍ തുച്ഛമായ തുക നഷ്ടപരിഹാരം നൽകി ഏറ്റെടുത്തിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷ​െൻറയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​െൻറയും സംയുക്ത സംരംഭമായ കെ.എസ്.എസ്.പി.എല്‍ എന്ന പുതിയ കമ്പനി എൽ.പി.ജി കൊണ്ടുപോവുന്നതിന് വേറെ നഷ്ടപരിഹാരം നൽകാതെ ഇതേ ലൈനില്‍കൂടി മറ്റൊരു പൈപ്പ് കൂടി ഇടാന്‍ നീക്കം നടത്തുന്നത് തടയുമെന്നാണ് ഭൂവുടമകൾ പറയുന്നത്. ശനിയാഴ്ച വൈകീട്ട് നാലിന് കണ്ണന്നൂരില്‍ സ്ഥലം നഷ്ടമാവുന്ന ഭൂവുടമകളുടെ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ സമ്മതിക്കില്ല. ഏറ്റെടുത്ത ഭൂമിയില്‍ കൃഷി പോലും ചെയ്യാനാവുന്നില്ല. പൈപ്പ് ലൈന്‍ കടന്നുപോവുന്ന മേഖലയില്‍ വെള്ളം കിട്ടുന്നില്ല. മാത്രവുമല്ല ഏറ്റെടുത്ത ഭൂമിയുടെ ആധാരത്തില്‍ സി.സി.കെ കമ്പനിയുടെ സീല്‍ പതിച്ചതിനാല്‍, ബാങ്കില്‍നിന്ന് വായ്പ പോലും ലഭിക്കുന്നില്ലെന്നും കൊച്ചി-സേലം പെട്രോളിയം ഗ്യാസ് പൈപ് ലൈന്‍ സുരക്ഷിതത്വ നഷ്ടപരിഹാര ജനകീയ സമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡൻറ് ഐസക് ഇടപ്പാറ, സെക്രട്ടറി ഒ.എസ്. അനില്‍കുമാര്‍, ഡി. ശെല്‍വരാജ്, എസ്. രാമകൃഷ്ണന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.