ഫാഷിസം ഹിംസയെ ആദർശവത്കരിക്കുന്നു -കെ.ഇ.എൻ മണ്ണാർക്കാട്: ഹിംസയെ സദാസാധ്യമാകുന്ന തരത്തിൽ സൈദ്ധാന്തികവത്കരിക്കുന്ന രീതിയാണ് ഫാഷിസം സ്വീകരിക്കുന്നതെന്ന് പ്രമുഖ ചിന്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. എപ്പോൾ കൊല നടത്തുന്നു എന്നല്ല, കൊലയെ ഏത് സമയവും തങ്ങളല്ലാത്തവർക്ക് നേരെ തിരിച്ചുനിർത്തുന്ന സാഹചര്യം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. 'എല്ലാ ജീവനും വിലപ്പെട്ടതാണ്' പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമിതി കുന്തിപ്പുഴയിൽ നടത്തിയ തുറന്ന ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിനെപോലെയുള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നവരാണ് യഥാർഥ കള്ളൻമാരെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. മധുവിെൻറ കുടുംബത്തിന് നീതി ലഭിക്കണം. അനാഥയെ ആട്ടിയകറ്റുന്നവനും ദരിദ്രന് ആഹാരം നൽകാൻ േപ്രരിപ്പിക്കാത്തവനുമാണ് ദൈവനിഷേധിയെന്ന് പഠിപ്പിച്ച ജീവിതദർശനമാണ് ഇസ്ലാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് വാഴ്സിറ്റി ചരിത്രവിഭാഗത്തിലെ ഡോ. കെ.എസ്. മാധവൻ, ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്വി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ സ്വാഗതവും സെക്രട്ടറി ശാക്കിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.