തിരൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയതറിഞ്ഞ് വ്യാഴാഴ്ച രാത്രി മാധ്യമ പ്രവർത്തകർ എക്സൈസ് ഓഫിസിലെത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതികളെ സഹായിക്കാനെത്തിയവർ മാധ്യമ പ്രവർത്തകരെ തടഞ്ഞ് വധഭീഷണി മുഴക്കി. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന മദ്യപസംഘം എക്സൈസ് ഓഫിസിൽ അഴിഞ്ഞാടിയിട്ടും അധികൃതർ പൊലീസിനെ വിളിച്ചില്ല. രാത്രി ഒമ്പതരയോടെയാണ് മാധ്യമപ്രവർത്തകർ എക്സൈസ് റേഞ്ച് ഓഫിസിലെത്തിയത്. ഈ സമയം ഏതാനുമാളുകൾ ഓഫിസ് പരിസരത്ത് തമ്പടിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയാൽ കാമറ തകർക്കുമെന്നും കൊല്ലുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽനിന്ന് പുറത്തിറങ്ങിയാൽ ആക്രമിക്കുമെന്ന് ആക്രോശിച്ച് ഒരു സംഘം താഴെ തമ്പടിച്ചതോടെ മാധ്യമപ്രവർത്തകർ പൊലീസ് സഹായം തേടി. പൊലീസെത്തിയ ശേഷം 12 മണിയോടെയാണ് മാധ്യമ പ്രവർത്തകർക്ക് പോകാനായത്. ക്രമസമാധാന പ്രശ്നത്തിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്നായിരുന്നു എക്സൈസ് അധികൃതരുടെ നിലപാട്. കേസ് ഒതുക്കാൻ ഉന്നതതല ഇടപെടൽ; ഒത്താശയുമായി എക്സൈസും തിരൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയ സംഭവം ഒതുക്കാൻ ഉന്നതതല ഇടപെടൽ. എക്സൈസ് അധികൃതരുടെ ഒത്താശ ലഭിച്ചതോടെ പകരക്കാരനെ ഇറക്കി കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞത് മാധ്യമ പ്രവർത്തകരുടെ ഇടപെടലിൽ. പിടിയിലായ യുവാവിെൻറ അതേ പേരിലുള്ള ഒരാളെ പ്രതിയാക്കി കേസ് അട്ടിമറിക്കാനായിരുന്നു ശ്രമം. രാവിലെ 11ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവാവിനെയും യുവതിയെയും പിടികൂടിയെങ്കിലും അധികൃതർ വിവരം രഹസ്യമാക്കി വെച്ചു. രാത്രി വൈകി എക്സൈസ് വകുപ്പിലെ ചിലർ തന്നെ വിവരം ചോർത്തി നൽകിയതോടെയാണ് മാധ്യമ പ്രവർത്തകർ റേഞ്ച് ഓഫിസിലെത്തിയത്. എക്സൈസ് ഓഫിസിലെത്തിയ മാധ്യമ പ്രവർത്തകരോടും കേസ് അധികൃതർ രഹസ്യമാക്കി വെച്ചു. അത് ചോദ്യം ചെയ്തതോടെ യുവതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിെൻറ വിശദാംശങ്ങൾ നൽകി മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനായി ശ്രമം. ഇതും നടക്കാതായതോടെ കൂടുതൽ വിശദാംശങ്ങൾ വെള്ളിയാഴ്ച വെളിപ്പെടുത്താമെന്ന് വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വിവരങ്ങൾ നൽകുമെന്ന് അറിയിച്ച അധികൃതർ പക്ഷേ മാധ്യമ പ്രവർത്തകരുടെ ഫോൺ വിളികൾ എടുക്കാതെയായി. ഒടുവിൽ 12.15ഓടെ മാധ്യമ പ്രവർത്തകർ സംഘടിച്ച് റേഞ്ച് ഓഫിസിലെത്തിയതോടെയാണ് വിശദാംശങ്ങൾ നൽകിയത്. വാർത്തസമ്മേളനത്തിൽ വൈരുധ്യം നിറഞ്ഞ മറുപടികളായിരുന്നു. പ്രതിയെ രഹസ്യമുറിയിലേക്ക് മാറ്റിയ ശേഷമായിരുന്നു വാർത്ത സമ്മേളനം. പ്രതിയുടെ ദൃശ്യം പകർത്താൻ ആവശ്യപ്പെട്ടപ്പോൾ ശൗചാലയത്തിലാണെന്നായിരുന്നു മറുപടി. അതോടെ മാധ്യമ പ്രവർത്തകർ കാത്തുനിൽക്കാൻ തീരുമാനിച്ചു. 'നമ്പർ' ഏശിയില്ലെന്ന് വ്യക്തമായതോടെ രഹസ്യമുറിയിൽ നിന്ന് പ്രതിയെ പുറത്ത് കൊണ്ടുവന്നു. മുഖം പൊത്തി നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഇയാൾ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി. അതോടെ ഫോട്ടോയെടുക്കാൻ സൗകര്യമൊരുക്കാതെ തിരക്കിട്ട് ഇയാളെ വീണ്ടും മുറിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, അധികൃതർ രേഖപ്പെടുത്തിയതിനേക്കാൾ അധികം എം.ഡി.എം.എ പ്രതിയുടെ കൈവശമുണ്ടായിരുന്നുവെന്നും കേസ് ദുർബലമാക്കാൻ തൂക്കം കുറച്ച് രേഖപ്പെടുത്തിയതാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.