തമിഴക ബി.ജെ.പിയിൽ എച്ച്​. രാജ ഒറ്റപ്പെടുന്നു

കോയമ്പത്തൂർ: ത്രിപുരയിൽ ലെനി​െൻറ ശില തകർത്ത നിലയിൽ തമിഴ്നാട്ടിലും പെരിയാർ ഇ.വി. രാമസ്വാമിയുടെ പ്രതിമകൾ തകർക്കപ്പെടുമെന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയായി. അഖിലേന്ത്യ നേതൃത്വവും തമിഴ്നാട് ഘടകവും കൈവിട്ടതോടെ രാജ ഒറ്റപ്പെട്ട നിലയിലാണ്. വെല്ലൂർ തിരുപ്പത്തൂരിൽ പെരിയാറി​െൻറ പ്രതിമക്കുനേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മുഴുവൻ രാഷ്ട്രീയകക്ഷികളും ശക്തമായ പ്രതിഷേധവുമായാണ് രംഗത്തിറങ്ങിയത്. സംസ്ഥാനത്തെ മുഴുവൻ ബി.ജെ.പി ഒാഫിസുകൾക്കും പൊലീസ് കാവലേർപ്പെടുത്തി. ചെന്നൈയിലും ശിവഗംഗ ജില്ലയിലെ കാരക്കുടിയിലുമുള്ള രാജയുടെ വസതികൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധമുയർന്നനിലയിൽ രാജയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ശാസിച്ചതായാണ് റിപ്പോർട്ട്. താനറിയാതെ ത​െൻറ അഡ്മിനാണ് വിവാദ പോസ്റ്റിട്ടതെന്ന രാജയുടെ വിശദീകരണം പാർട്ടി നേതാക്കൾ പോലും വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രി മോദിയുമായി രാജക്ക് അടുത്ത ബന്ധമാണുള്ളത്. സംഘ്പരിവാർ സംഘടനകളുടെ പിന്തുണയും രാജക്കുണ്ട്. ദ്രാവിഡ മണ്ണിൽ ബി.ജെ.പിക്ക് വേരുറപ്പിക്കണമെങ്കിൽ തീവ്രഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ടുപോകണമെന്നാണ് രാജയുടെയും കൂട്ടരുടെയും വിശ്വാസം. ബി.ജെ.പി സംസ്ഥാന ഘടകവുമായി രാജ യോജിച്ച് പ്രവർത്തിക്കുന്നില്ലെന്ന് നേരേത്ത ആക്ഷേപമുണ്ടായിരുന്നു. തമിഴ്നാട് അധ്യക്ഷ സ്ഥാനം രാജ ആഗ്രഹിച്ചിരുന്നു. എന്നാൽ, തമിഴിസൈ സൗന്ദരരാജനെയാണ് അഖിലേന്ത്യ നേതൃത്വം നിയോഗിച്ചത്. രാജക്ക് ദേശീയ സെക്രട്ടറി സ്ഥാനം നൽകി ആശ്വസിപ്പിക്കുകയായിരുന്നു. പ്രസ്താവന പാർട്ടിയുടെ ഒൗദ്യോഗിക നിലപാടല്ലെന്ന് പറഞ്ഞ് തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തിയിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും രാജയുടെ വിശദീകരണവും ഖേദം പ്രകടിപ്പിക്കലും വൈകിയതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുപ്പത്തൂരിൽ പെരിയാറി​െൻറ പ്രതിമക്കുനേരെ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയ പാർട്ടി മണ്ഡലം പ്രസിഡൻറ് മുത്തുരാമനെ പാർട്ടിയിൽനിന്ന് പുറത്താക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.