പട്ടാമ്പി: നൂറ്റാണ്ട് പിന്നിട്ട പട്ടാമ്പി ദേശീയോത്സവം നാടും നഗരവുമുണർത്തി. ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിൽ കൊണ്ടാടിയിരുന്ന നേർച്ച വർഷങ്ങളായി മതസൗഹാർദത്തിെൻറ ഉത്സവമായാണാഘോഷിക്കുന്നത്. പട്ടാമ്പിയിലെ കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റിയും ചുറ്റുവട്ടത്തുള്ള ഉപകമ്മിറ്റികളു൦ വിവിധ പരിപാടികളോടെയാണ് ദേശീയോത്സവത്തെ വർണാഭമാക്കിയത്. ഇക്കൊല്ലം 43 ഉപകമ്മിറ്റികളാണുണ്ടായിരുന്നത്. നൃത്തനൃത്യങ്ങളും ഗാനമേളയു൦ ശനിയാഴ്ച തന്നെ ആഘോഷരാവ് സമ്മാനിച്ചു. നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ ഉപകമ്മിറ്റികൾ ബസ്സ്റ്റാൻഡിൽ സംഗമിച്ച് നേർച്ചയുടെ പാരമ്പര്യാവകാശികളെ ആനയിച്ച് കൊടിയേറ്റത്തിന് പുറപ്പെട്ടു. തുടർന്ന് കൊടിയേറ്റം. പാരമ്പര്യാവകാശി കരുമാൻകുഴി സിദ്ദീഖിൽനിന്ന് ഏറ്റുവാങ്ങിയ കൊടി കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി പ്രസിഡൻറ് എ.കെ. പ്രമോദാണ് ഉയർത്തിയത്. 104ാം നേർച്ചക്ക് നാന്ദികുറിച്ച് 100 ആചാരവെടികൾ മുഴങ്ങിയതോടെ നഗരം ബാൻഡ് വാദ്യത്തിനും താളമേളങ്ങൾക്കും വഴിമാറി. വൈകീട്ട് നേർച്ചയിലെ പ്രധാനികളായ റാവുത്തർമാരും ആഘോഷ കമ്മിറ്റികളും മേലെ പട്ടാമ്പി ജങ്ഷനിലെത്തി. തുടർന്നുള്ള നഗര പ്രദക്ഷിണ മതസൗഹാർദ സാംസ്‌കാരിക ഘോഷയാത്രക്ക് കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി ഭാരവാഹികളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖരും നേതൃത്വം നൽകി. ഗജവീരന്മാരും താളമേളങ്ങളുമായുള്ള ഘോഷയാത്രയെ ആശീർവദിക്കാൻ നഗരത്തിലെ പ്രധാന പാതക്കിരുവശത്തും കെട്ടിടങ്ങളിലും സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് ഒത്തുചേർന്നത്. ഘോഷയാത്ര ബസ്സ്റ്റാൻഡിൽ സമാപിച്ചതോടെ ഗജസംഗമം നടന്നു. രാത്രി ഉപ ആഘോഷക്കമ്മിറ്റികൾ പങ്കെടുത്ത സിനിമാറ്റിക്-ബാൻഡ് വാദ്യ മത്സരത്തിനും വൻ ജനക്കൂട്ടം സാക്ഷികളായി. ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരൻ, പട്ടാമ്പി സി.ഐ പി.വി. രമേശ് എന്നിവരുടെ നേതൃത്വത്തിൽ 250ഓളം പൊലീസുകാർ ക്രമസമാധാനപാലനം നിർവഹിച്ചു. വൈകീട്ട് മൂന്ന് മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.