മലപ്പുറം: സി.പി.െഎ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടുമെത്താൻ കാനം രാജേന്ദ്രന് സഹായകമായത് മൂന്ന് വർഷമായി സി.പി.എമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും ജനകീയ വിഷയങ്ങളിലെ നിലപാടും. വാക്കുകളില്‍ മിതത്വമാണെങ്കിലും ആശയസ്ഫുടതയും നിലപാടും പുലര്‍ത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സമ്മേളനചർച്ചയിൽ കാനത്തിനെതിരെ ചില ഒറ്റപ്പെട്ട പരാമർശങ്ങളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് മിനിറ്റുകൾക്കുള്ളിലാണ് സെക്രട്ടറിയായി വീണ്ടും അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1950ല്‍ കോട്ടയം വാഴൂരിനടുത്ത് കാനത്ത് ജനിച്ച രാജേന്ദ്രൻ വാഴൂര്‍ എസ്.വി.ആര്‍.എൻ.എസ്.എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇൻറര്‍നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. എ.ഐ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായ അേദ്ദഹം 1970ല്‍ സംസ്ഥാന സെക്രട്ടറിയായി. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയും സി.കെ. ചന്ദ്രപ്പനും എ.ഐ.വൈ.എഫ് പ്രസിഡൻറും ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ കാനമായിരുന്നു കേരളത്തിലെ പ്രമുഖനേതാവ്. എ.ഐ.വൈ.എഫ് ദേശീയ വൈസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചു. 1970ല്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് സംസ്ഥാന എക്സിക്യൂട്ടിവിലും അംഗമായി. യുവജനരംഗത്തുനിന്ന് നേരിട്ട് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. തൊഴിലാളി മേഖലയിലെ പരിചയസമ്പത്ത് കൂടുതല്‍ കരുത്തുറ്റവനാക്കി. 1970ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂനിയൻ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തി. ഈ ഘട്ടത്തിലാണ് അസംഘടിത മേഖല, പുത്തന്‍തലമുറ ബാങ്കുകൾ, ഐ.ടി സ്ഥാപനങ്ങൾ, സിനിമമേഖല തുടങ്ങിയവയിലുൾപ്പെടെ പുതിയ യൂനിയനുകളുണ്ടാക്കിയത്. സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറിയായിരിെക്ക 1982ൽ വാഴൂരില്‍നിന്ന് നിയമസഭാംഗമായി. രണ്ടുതവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. നിര്‍മാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിെൻറ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മാണതൊഴിലാളി നിയമം നിലവില്‍വന്നത്. സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം, എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്, ജനയുഗം-നവയുഗം ദ്വൈവാരിക മുഖ്യപത്രാധിപർ, സി. അച്യുതമേനോൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ: വനജ. മക്കൾ: സ്മിത, സന്ദീപ്. മരുമക്കള്‍: സര്‍വേശ്, താര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.