ചിറ്റൂർ: പെരുമാട്ടി പഞ്ചായത്തിലെ വണ്ടിത്താവളം അണ്ണക്കോട്ടിൽ രാമനെഴുത്തച്ഛെൻറ മകൻ നാരായണൻകുട്ടി (85) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ നാരായണൻകുട്ടിയുടെ മകൻ മണികണ്ഠൻ (38), ഇയാളുടെ സഹായി വണ്ടിത്താവളം അണ്ണക്കോട് കൃഷ്ണസ്വാമി (43) എന്നിവരെ ചിറ്റൂർ സി.ഐ വി. ഹംസയും സംഘവും പിടികൂടി. കഴിഞ്ഞ ഏപ്രിൽ 20നാണ് സ്വന്തം വീടിന് പിറകിലെ കിണറ്റിൽ നാരായണൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് നാട്ടുകാരും മക്കളും ആക്ഷേപമുന്നയിച്ചിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന് മീനാക്ഷിപുരം പൊലീസ് കേസെടുത്തു. രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെ മകൾ ജയലക്ഷ്മി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതേതുടർന്നാണ് ചിറ്റൂർ സി.ഐ വി. ഹംസക്ക് അന്വേഷണച്ചുമതല കൈമാറിയത്. സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വീടും അഞ്ചര ഏക്കർ പുരയിടവുമുള്ള നാരായണൻകുട്ടിയും മക്കളായ മണികണ്ഠനും ഉഷയുമായും സ്വത്ത് തർക്കം നിലനിന്നിരുന്നു. വീടും അതിനോട് ചേർന്ന സ്ഥലവും നാരായണൻകുട്ടിക്കും ബാക്കി സ്ഥലം ഒമ്പത് മക്കൾക്കുമായി വീതിച്ചുനൽകാമെന്ന ഒത്തുതീർപ്പിൽ എത്തിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ വന്നതോടെ ഏക്കറിന് 25 ലക്ഷം രൂപ പ്രകാരം വിൽപന നടത്താൻ തിരുമാനിച്ചിരുന്നു. ഇതിനുള്ള കരാർ ഒപ്പിടുന്നതിന് ഒരുദിവസം മുമ്പാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് കുറച്ചുദിവസം മുമ്പ് പറഞ്ഞുറപ്പിച്ച തുകക്ക് തനിക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് മണികണ്ഠൻ രംഗത്ത് എത്തിയിരുന്നു. ഇത് തരപ്പെടുത്താൻ സാധിക്കാതെ വന്നതോടെ നാരായണൻകുട്ടിയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കുകയായിരുന്നു. നാഗരാജ്, കൃഷ്ണസ്വാമി എന്നിവരെ കൃഷിപ്പണിയുണ്ടെന്ന് അറിയിച്ച് വിളിച്ചുവരുത്തി. മദ്യപിച്ചതിന് ശേഷം അച്ഛനെ കൊലപ്പെടുത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നാഗരാജൻ പിന്മാറി. പിന്നീട് മണികണ്ഠൻ കൃഷ്ണസ്വാമിയെ ഭീഷണിപ്പെടുത്തി. ഭാര്യയുടെ മരണശേഷം നാരായണൻകുട്ടി ഒറ്റക്ക് താമസിക്കുന്ന വീട്ടിലെത്തിയ മണികണ്ഠനും കൃഷ്ണസ്വാമിയും പിന്നിൽനിന്ന് ഷാൾ കൊണ്ട് മുറുക്കുകയായിരുന്നു. അബോധാവസ്ഥയിലായ നാരായണൻകുട്ടിയെ ഇരുവരും ചേർന്ന് വീടിന് പുറകിലെ കിണറ്റിൽ തള്ളിയിട്ടു. ശേഷം മണികണ്ഠൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഷാളും വിളയോടിക്ക് സമീപത്തെ തെങ്ങിൻതോപ്പിൽ കത്തിച്ചതായും ഇവർ പൊലീസിന് മൊഴി നൽകി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സി.ഐക്ക് പുറമെ ധർമരാജ്, പ്രഭ, സുനിൽ, മനോജ്, വിനോദ്, ബാലൻ, ജുനൈദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.