ചെമ്മാട്ടെ ഗതാഗതക്കുരുക്ക്; ഉടൻ പരിഹരിക്കാൻ ഹൈകോടതി ഉത്തരവ്

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പ്രശ്നം ഉടൻ പരിഹരിക്കാൻ ഹൈകോടതി ഉത്തരവ്. ചെമ്മാട്ടെ പൊതുപ്രവർത്തകൻ കൊല്ലഞ്ചേരി ജലീൽ ഹാജി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. ചെമ്മാട് ടൗണിൽ കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് കാരണം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും ജോലിക്കാർ, വിദ്യാർഥികൾ, രോഗികൾ അടങ്ങുന്ന പതിനായിരക്കണക്കായ ആളുകൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി 'മാധ്യമം' വാർത്ത നൽകിയിരുന്നു. ടൗണിലെ സ്ഥിരമായ സ്തംഭനാവസ്ഥ ഒഴിവാക്കിന്നതിന് പരിഹാരം ആവശ്യപ്പെട്ട് 2015 നവംബർ 21ന് ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ടൗണിലെ സ്തംഭനാവസ്ഥ ഒഴിവാക്കിന്നതിന് ചുരുങ്ങിയത് എട്ടുപേരെങ്കിലും അടങ്ങുന്ന ഒരു ട്രാഫിക്‌ യൂനിറ്റ് തിരൂരങ്ങാടി സ്റ്റേഷനുകീഴിൽ അനുവദിച്ചുകിട്ടണമെന്നായിരുന്നു ആവശ്യം. തുടർന്നുള്ള നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ, ജില്ല പൊലിസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് മേധാവി ഈ നിർദേശം തിരൂരങ്ങാടി പൊലീസിന് കൈമാറുകയും തിരൂരങ്ങാടി പൊലീസി​െൻറ റിപ്പോർട്ട് പ്രകാരം പരാതിയിലെ ആവശ്യങ്ങൾ നടപ്പാക്കാനാവുമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എസ്.പി അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് തിരൂരങ്ങാടിയിലെ ഭൗതിക സാഹചര്യം അന്വേഷിക്കാൻ ഡി.ജി.പി തിരൂരങ്ങാടി സി.ഐക്ക് നൽകിയ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർന്ന് സർക്കാറും ഓഫിസ് മേധാവികളും മാറിയതിനാൽ പദ്ധതി നടപ്പിലായില്ല. തുടർന്ന് അഡ്വ. കെ. രാകേഷ് മുഖേന ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് രണ്ടുമാസത്തിനകം എന്തുവിലകൊടുത്തും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ഷാജി പി. ചാലി ഉത്തരവിട്ടത്. ഇതിനായി 'മാധ്യമം' നൽകിയ റിപ്പോർട്ടി​െൻറ പകർപ്പും (19/09/2016) വിധിക്കായി ഹൈകോടതി പരിഗണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.