തിരൂരങ്ങാടി: താലൂക്ക് ആശുപത്രി വളപ്പിലുണ്ടായിരുന്ന ബ്രിട്ടീഷ് നിർമിത കുതിരലായം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് അന്വേഷണം നടത്തി ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിന് റിപ്പോര്‍ട്ട് കൈമാറി. ജില്ല പൈതൃക സംരക്ഷണ സമിതി ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി തിരൂരങ്ങാടി പൊലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുതിരലായം തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ആശുപത്രിക്ക് പാര്‍ക്കിങ് ഏരിയയുണ്ടാക്കാനാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്തതെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. കെട്ടിടം പൊളിക്കുന്നതിന് മുമ്പ് ഒരു വകുപ്പിെൻറയും അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് ബ്രിട്ടീഷ് നിർമിത കുതിരലായമാണെന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. അതേസമയം, കുതിരലായം പൊളിച്ച് കളഞ്ഞിട്ടില്ലെന്നും പരിസരം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെതന്നെയുണ്ടെന്നും പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആശുപത്രി സൂപ്രണ്ട് വാർത്തകുറിപ്പില്‍ അറിയിച്ചു. ചരിത്ര ബോധമില്ലാത്തവര്‍ അധികാരസ്ഥാനങ്ങളിലിരുന്നാല്‍ പല ചരിത്ര കെട്ടിടങ്ങളും നാമാവശേഷമാകുമെന്നും ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും പൈതൃക സംരക്ഷണ സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.